ഇറാന്‍ കാണുന്നത് തുര്‍ക്കിയുടെ തന്ത്രം; കടലില്‍ നിന്ന് 'സ്വര്‍ണം' വാരും, കോടികള്‍ കൈയ്യിലെത്തും
ഇറാനെതിരായ യുദ്ധം ആരംഭിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണം എന്ത് എന്ന് ചോദിച്ചാല്‍ എടുത്തു പറയാന്‍ കാര്യമായി ഒന്നുമില്ല. അമേരിക്കക്കും ഇസ്രായേലിനും വിരുദ്ധമായി ശക്തമായ നിലപാട് ഇറാന്‍ സ്വീകരിക്കുന്നതാണ് ഒരു കാരണം. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോള്‍ അമേരിക്ക നേരിടുന്നത്. ഹോര്‍മുസ് പാത തുറക്കുന്നതാണ് വെല്ലുവിളി. നേരത്തെ തുറന്നിരിക്കുകയും എല്ലാ രാജ്യങ്ങളും തടസമില്ലാതെ ഉപയോഗിക്കുകയും ചെയ്ത പാതയാണിത്.
യുദ്ധം തുടങ്ങിയതോടെ വലിയ നാശനഷ്ടങ്ങളാണ് ഇറാനുണ്ടായത്. ഇതിനുള്ള പരിഹാരം എന്ന നിലയില്‍ കൂടി ഹോര്‍മുസ് പാതയെ ഉപയോഗിക്കുകയാണ് ഇറാന്‍. ഇതുവഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ പിരിക്കാനാണ് ഉദ്ദേശം. ഒമാന്റെ സഹകരണം കൂടി ഇക്കാര്യത്തില്‍ ഇറാന്‍ തേടുന്നു. വിശദമായ ചര്‍ച്ചകളും നടന്നു. തുര്‍ക്കിയുടെ മാതൃകയാണ് ഇക്കാര്യത്തില്‍ ഇറാന്‍ സ്വീകരിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തുര്‍ക്കിയുടെ നിയന്ത്രണത്തില്‍ രണ്ട് കടലിടുക്കുകളാണുള്ളത്. ബോസഫറസും ദര്‍ദനെല്ലസും. മര്‍മര കടല്‍ വഴി കലിങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്കുകളാണിത്. കരിങ്കടല്‍ തീരത്തുള്ള രാജ്യങ്ങള്‍ക്ക് തുര്‍ക്കിയിലെ കടലിടുക്ക് വഴി അല്ലാതെ ലോകത്തെ മറ്റു ചരക്കുപാതകളിലേക്ക് എത്താന്‍ വഴിയില്ല. അതുകൊണ്ടുതന്നെ ഈ രണ്ട് കടലിടുക്കും തുര്‍ക്കിയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു.
31 കിലോമീറ്റര്‍ വീതിയാണ് ബോസഫറസ് കടലിടുക്കിനുള്ളത്. ഏറ്റവും കുറഞ്ഞ വീതി 700 മീറ്ററാണ്. ഇസ്താംബൂള്‍ നഗരത്തോട് ചേര്‍ന്നാണ് ഈ പ്രദേശം. ഇസ്താബൂളിനെ ഏഷ്യയുടെയും യൂറോപ്പിന്റെയും ഭാഗമാക്കുന്നതും ഈ മേഖലയാണ്. അതേസമയം, ദര്‍ദനെല്ലസ് കടലിടുക്കിന് 61 കിലോമീറ്ററാണ് നീളം. വീതി 1.2 മുതല്‍ ആറ് കിലോമീറ്റര്‍ വരെയുണ്ട്. ഈ രണ്ട് കടലിടുക്കുകളിലൂടെ പ്രതിവര്‍ഷം 40000 കപ്പലുകളാണ് കടന്നുപോകുന്നത്.
മണ്‍ട്രോ കണ്‍വെന്‍ഷന്‍ പ്രകാരമാണ് തുര്‍ക്കി ഈ കടലിടുക്കുകള്‍ നിയന്ത്രിക്കുന്നത്. മേഖലയില്‍ എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കേണ്ടത് തുര്‍ക്കിയുടെ ബാധ്യതയാണ്. ഇതിന് വേണ്ട ചെലവിലേക്ക് കപ്പലുകളില്‍ നിന്ന് തുര്‍ക്കി പണം ഈടാക്കും. അതായത്, തുര്‍ക്കിക്ക് വെറുതെ പണം നല്‍കുകയല്ല. അവരുടെ ഉത്തരവാദിത്തത്തിനുള്ള വിഹിതം കൂടിയാണിത്. ഒരു ടണ്ണിന് 6.70 ഡോളര്‍ ആണ് തുര്‍ക്കി ഈ കടലിടുക്കുകളിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ഈടാക്കുന്നത്. ഒരു വര്‍ഷത്തില്‍ 254 മില്യണ്‍ ഡോളര്‍ തുര്‍ക്കിക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇറാനെ സംബന്ധിച്ചിടത്തോളം ഹോര്‍മുസ് പാതയില്‍ നിന്ന് പണം പിരിക്കുമ്പോള്‍ അവര്‍ സുരക്ഷയും മറ്റു സൗകര്യങ്ങളും ഒരുക്കുമോ എന്ന് അറിയേണ്ടതുണ്ട്.
യുദ്ധത്തിന്റെ നഷ്ടപരിഹാരമായി ഇറാന്‍ കാണുന്ന ഈ ടോള്‍ പ്രതിവര്‍ഷം 40 മുതല്‍ 80 ബില്യണ്‍ ഡോളര്‍ വരെ പിരിക്കാനാണ് നോക്കുന്നത്. തുര്‍ക്കി പിരിക്കുന്നതിന്റെ 90 ഇരട്ടിയോളം വരുമിത്. ഹോര്‍മുസ് പാതയെ സ്വര്‍ണം വിളയുന്ന കേന്ദ്രമാക്കാനാണ് ഇറാന്റെ നീക്കം. ഇതിന് ഒമാന്റെ കൂടി സഹകരണം വേണം എന്നതാണ് മറ്റൊരു കാര്യം. സൂയസ് കനാല്‍, പാനമ കനാല്‍ എന്നീ ജലപാതകൡ ടോള്‍ പിരിവുണ്ട്. പക്ഷേ, അവ മനുഷ്യ നിര്‍മിത പാതകളാണ്.