Select Location
All Locations
State
Region
City / District
ഖത്തര്‍ വിട്ടോ യുഎസ് സൈന്യം; യുദ്ധ വിമാനങ്ങള്‍ അപ്രത്യക്ഷമായി, ആക്രമണം തുടര്‍ന്ന് ഇറാന്‍

ഖത്തര്‍ വിട്ടോ യുഎസ് സൈന്യം; യുദ്ധ വിമാനങ്ങള്‍ അപ്രത്യക്ഷമായി, ആക്രമണം തുടര്‍ന്ന് ഇറാന്‍

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള ശക്തമായ ആക്രമണം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ അമേരിക്കക്ക് കനത്ത തിരിച്ചടി ലഭിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദ് ഒഴിവാക്കി യുഎസ് സൈന്യം പിന്മാറി എന്നാണ് വാര്‍ത്ത. ഈ സൈനിക താവളത്തിലുണ്ടായിരുന്ന യുദ്ധ വിമാനങ്ങള്‍ ഇപ്പോള്‍ കാണാനില്ല.

പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ വ്യോമതാവളമാണ് ദോഹയ്ക്ക് തെക്കുള്ള അല്‍ ഉദൈദ്. ഇവിടെ അമേരിക്കയുടെ 10000ത്തില്‍ അധികം സൈനികര്‍ തമ്പടിച്ചിരുന്നു. അഫ്ഗാനിസ്താന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെല്ലാം യുഎസ് സൈന്യം നടത്തിയ ആക്രമണം നിയന്ത്രിച്ചിരുന്നത് അല്‍ ഉദൈദിലെ കേന്ദ്രത്തില്‍ നിന്നായിരുന്നു.

പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യത്തിന് താവളങ്ങളുണ്ട്. സിറിയ, ജോര്‍ദാന്‍, ഇറാഖ്, ഇസ്രായല്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ജിസിസിയില്‍ ഒമാനില്‍ ഒഴികെ അഞ്ച് രാജ്യങ്ങളിലും യുഎസ് സേനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ അനുമതിയോടെ ഒമാനിലെ താവളങ്ങളും ഉപയോഗിക്കാമെന്നാണ് ധാരണ.

അമേരിക്കന്‍ സൈന്യം ഇറാനില്‍ ആക്രമണം നടത്തുന്ന വേളയില്‍ ഇറാന്‍ സൈന്യം തിരിച്ചടിക്കുന്നത് പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ട യുഎസ് താവളങ്ങളിലൊന്നാണ് ഖത്തറിലെ അല്‍ ഉദൈദ്. ഇവിടേക്കുള്ള ഇറാന്റെ മിസൈലുകളില്‍ മിക്കതും ആകാശത്ത് വച്ചു തന്നെ തടഞ്ഞിരുന്നു. എന്നാല്‍ പലതും താവളത്തില്‍ പതിക്കുകയും ചെയ്തു.

യുദ്ധ വിമാനങ്ങള്‍ കാണാനില്ല അല്‍ ഉദൈദ് താവളത്തില്‍ വലിയ നഷ്ടമാണ് അമേരിക്ക നേരിട്ടത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇവിടെയുള്ള യുഎസ് സൈനിക വിമാനങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ 17 യുദ്ധവിമാനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് മൂന്നായി ചുരുങ്ങിയിരുന്നു. ഇപ്പോള്‍ അതും കാണാനില്ല എന്ന് ഉപഗ്രഹ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനിക ഉപകരണങ്ങള്‍ നഷ്ടമാകുന്നത് അമേരിക്കക്ക് വലിയ തിരിച്ചടി നല്‍കും. യുദ്ധം തുടങ്ങുന്നതിന് മുന്നോടിയായി അമേരിക്ക സൈനികരെ പുനര്‍ വിന്യസിച്ചിരുന്നു. സൈനിക ഉപകരങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു. അല്‍ ഉദൈദിലെ വിമാനങ്ങള്‍ അങ്ങനെ മാറ്റിയതാണോ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നതാണോ എന്ന് വ്യക്തമല്ല. അല്‍ ഉദൈദ് ഉള്‍പ്പെടെയുള്ള യുഎസ് താവളങ്ങളില്‍ ഇപ്പോഴും ഇറാന്‍ ആക്രമണം നടത്തുന്നുണ്ട്.

ഇതുവരെ യുദ്ധത്തില്‍ 17 യുഎസ് സൈനികരാണ് കൊല്ലപ്പെട്ടത്. നൂറില്‍ അധികം സൈനികര്‍ക്ക് പരിക്കേറ്റു എന്ന് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 3700 കോടി ഡോളറില്‍ അധികം യുദ്ധത്തിന് ചെലവായി എന്നും ഇനിയും കൂടുതല്‍ തുക വേണമെന്നും പെന്റഗണ്‍ യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അമേരിക്കക്ക് കനത്ത തിരിച്ചടി നല്‍കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പശ്ചിമേഷ്യയില്‍ 19 യുഎസ് താവളങ്ങളാണുള്ളത്. അര ലക്ഷത്തോളം സൈനികര്‍ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.


One India Malayalam 1 hour ago
Home Flash News