ജന്തര്‍ മന്ദറില്‍ വെച്ച് മാത്രം ചര്‍ച്ചയെന്ന് സിജെപി; ഒപ്പമുണ്ടെന്ന് മോദി, മറുപടിയുമായി രാഹുല്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം 34-ാം ദിവസത്തിലേക്ക് കടന്നു. ലക്ഷ്യം കാണും വരെ സമരം ശക്തമായി തുടരും എന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ജന്തര്‍ മന്തറില്‍ വെച്ച് മാത്രമേ നടക്കൂ എന്നും ദീപ്‌കെ പറഞ്ഞു.
'ഇന്ന് ഞങ്ങളുടെ സമരത്തിന്റെ 34-ാം ദിവസവും സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിന്റെ 26-ാം ദിവസവുമാണ്. ഞങ്ങളുടെ സമരം അതേപടി തുടരും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ഞങ്ങള്‍ സമരം പിന്‍വലിക്കില്ല. സോനം സാര്‍ തന്റെ നിരാഹാര സമരം അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹം സ്വന്തം ജീവന്‍ അപകടത്തിലാക്കുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,' ദിപ്‌കെ പറഞ്ഞു.
സോനം വാങ്ചുക്കിന്റെ ജീവന്‍ ഈ രാജ്യത്തിന് വളരെ പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കര്‍ശന ശിക്ഷ വേഗത്തില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ 152 പേപ്പര്‍ ചോര്‍ കേസുകളില്‍ ഒരാള്‍ക്ക് പോലും ശിക്ഷ ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളുടെ ഭാവിയെ അപകടത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചോദ്യപേപ്പര്‍ ചോര്‍ച്ച എന്ന വിപത്തിനെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ പരമ്പരയിലെ ഒരു ഭാഗം മാത്രമാണ് ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ യുവജനങ്ങളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ല. നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ദോഷകരമായി ബാധിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ല,' മോദി വ്യക്തമാക്കി.