തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍
അഭിപ്രായ വ്യത്യാസങ്ങളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കാന്‍ അവസരങ്ങളും സംവിധാനവുമുള്ള ജനാധിപത്യ ഭാരതത്തില്‍ വിദേശ ശക്തികളുടെ പണവും പിന്തുണയും നേടി അക്രമ സമരം നടത്തേണ്ട ആവശ്യമുണ്ടോയെന്നതാണ് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെയും സോനം വാങ്ചുക്കിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അക്രമ പ്രതിഷേധങ്ങള്‍ കാണുമ്പോള്‍ ഉയരുന്ന ചോദ്യം. കലാപങ്ങള്‍ നടത്താനും പോലീസിനെ ആക്രമിക്കാനും പൊതു മുതല്‍ നശിപ്പിക്കാനും നേതൃത്വം നല്‍കുന്ന വാങ്ചുക് ഒരു വൈദേശിക സ്വാധീന വലയത്തില്‍ അകപ്പെട്ട വ്യക്തിയാണെന്നാണ് വിവരം. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1966-ല്‍ ലഡാക്കിലാണ് സോനം വാങ്ചുക് ജനിച്ചത്. ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ചു. പരമ്പരാഗത എന്‍ജിനീയറിങ് പാതയില്‍ നിന്ന് വ്യത്യസ്തമായി ലഡാക്കിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വാങ്ചുക് ശ്രദ്ധ കേന്ദ്രീകരിച്ചു. 1988-ല്‍ മേഖലയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വെല്ലുവിളികളെ നേരിടുന്നതിനായി സ്റ്റുഡന്റ്‌സ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് (സെക്‌മോള്‍), ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ്, ലഡാക്ക് (ഹിയാല്‍) എന്നീ സ്ഥാപനങ്ങള്‍ക്ക് വാങ്ചുക് രൂപം നല്‍കി.
വാങ്ചുക്കിന്റെ വിദേശ സാമ്പത്തിക ശൃംഖലകളുമായുള്ള ബന്ധം തുടങ്ങിയത് മൂന്ന് പതിറ്റാണ്ട് മുന്‍പ് നടന്ന ഒരു വിവാഹത്തിലൂടെയായിരുന്നു. 1996-ല്‍ വാങ്ചുക്, റെബേക്ക നോര്‍മന്‍ എന്ന അമേരിക്കന്‍ വനിതയെ വിവാഹം കഴിച്ചു. സെക്‌മോളില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് അവര്‍ ലഡാക്കിലെത്തിയത്. പിന്നീട് ഇവര്‍ വിവാഹമോചിതരായി. വാങ്ചുക്കിനൊപ്പം നോര്‍മന്‍ വര്‍ഷങ്ങളോളം അവിടെ അദ്ധ്യാപികയായി ജോലി ചെയ്തു. ലഡാക്കിലെ വിദ്യാര്‍ത്ഥികള്‍ക്കായി പാഠപുസ്തകങ്ങള്‍ എഴുതി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും വെര്‍മോണ്ട് ആസ്ഥാനമായുള്ള ‘സ്‌കൂള്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ട്രെയിനിങ്ങി’ (എസ്‌ഐടി) ലുമാണ് നോര്‍മന്‍ പഠനം പൂര്‍ത്തിയാക്കിയത്. അന്താരാഷ്‌ട്ര വിദ്യാഭ്യാസം, വികസനം, സാമൂഹിക നീതി എന്നിവയില്‍ പരിശീലനം നല്‍കുന്ന ബിരുദാനന്തര ബിരുദ സ്ഥാപനമാണ് എസ്‌ഐടി. പതിറ്റാണ്ടുകളായി പരിശീലനം നല്‍കി വികസ്വര രാജ്യങ്ങളിലെ സര്‍ക്കാരിതര സംഘടനകളില്‍ (എന്‍ജിഒ) അവരെയെത്തിക്കുന്നത് ഈ സ്ഥാപനമാണ്. ലീഡര്‍ഷിപ്പ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള ഇവിടുത്തെ പല നേതൃത്വ വികസന പരിപാടികള്‍ക്കും ധനസഹായവും പിന്തുണയും നല്‍കുന്നത് അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷനാണ്. ഈ ശൃംഖല വഴിയാണ് നോര്‍മന്‍ ലഡാക്കിലെത്തുന്നതും. പിന്നീട് വിദേശ ധനസഹായത്തിന്റെ പേരില്‍ അന്വേഷണം നേരിടേണ്ടി വന്ന വാങ്ചുക്കിന്റെ സ്ഥാപനങ്ങളുടെ ഭാഗമാകുന്നതും. സെക്‌മോള്‍’, ‘ഹിയാല്‍’ എന്നിവയ്‌ക്ക് ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സില്‍ നിന്നും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ വഴി ധനസഹായം ലഭിച്ചിട്ടുണ്ട്