Select Location
All Locations
State
Region
City / District
കെട്ടിടനിർമാണ ക്രമക്കേട്: 45 ലക്ഷം കൈക്കൂലി; 30 ഉദ്യോഗസ്ഥർക്കെതിരേ നടപടി

കെട്ടിടനിർമാണ ക്രമക്കേട്: 45 ലക്ഷം കൈക്കൂലി; 30 ഉദ്യോഗസ്ഥർക്കെതിരേ നടപടി

തിരുവനന്തപുരം: കെട്ടിടനിർമാണത്തിന് അനുമതി നൽകുന്നതിലെ ക്രമക്കേടുകൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമായി 45 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി.

ആറ് കോർപ്പറേഷനുകൾ, 30 നഗരസഭകൾ, 24 പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ‘ഓപ്പറേഷൻ പാർപ്പിടം’ എന്നപേരിൽ ബുധനാഴ്ചയാണ് പരിശോധന നടന്നത്. 30 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇവരുടെ അക്കൗണ്ടുകളിലേക്ക് ഇടനിലക്കാരിൽനിന്ന്‌ പണമെത്തിയിരുന്നു.

കെട്ടിടനിർമാണച്ചട്ടം ലംഘിച്ച് ഒട്ടേറെ സ്ഥലങ്ങളിൽ നിർമാണം നടന്നിട്ടുണ്ട്. കുന്നംകുളം നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാരിൽനിന്നായി 21.50 ലക്ഷം രൂപ എത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ രണ്ട് അസിസ്റ്റന്റ് എൻജിനിയർമാരും ഓവർസിയറും ബിൽഡിങ് ഇൻസ്പെക്ടറും കരാറുകാരിൽനിന്ന് 12.69 ലക്ഷം രൂപ വാങ്ങിയതിനും തെളിവ് ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര നഗരസഭയിലെ ഓവർസിയർ 1.37 ലക്ഷം രൂപയും വർക്കല നഗരസഭയിലെ താത്‌കാലിക ഓവർസിയർ 2.03 ലക്ഷം രൂപയും വയനാട് അമ്പലവയൽ പഞ്ചായത്തിലെ ശുചീകരണ വിഭാഗം ജീവനക്കാരൻ 2.08 ലക്ഷം രൂപയും ഇടനിലക്കാരിൽനിന്നു വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും കെട്ടിടനിർമാണച്ചട്ടം പാലിച്ചിരുന്നില്ല. കെട്ടിടങ്ങൾക്ക് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുക, നമ്പർ നൽകുക, നികുതി നിശ്ചയിക്കുക എന്നിവയിൽ ക്രമക്കേട് നടക്കുന്നതായി കണ്ടെത്തി. അനുമതിയില്ലാതെ അധിക നിലകൾ നിർമിക്കുകയും പാർക്കിങ് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. വാണിജ്യ കെട്ടിടങ്ങൾക്ക് റെസിഡെൻഷ്യൽ ബിൽഡിങ് നമ്പർ അനുവദിച്ചതായും കണ്ടെത്തി.


Mathrubhumi News 1 hour ago
Home Flash News