Select Location
All Locations
State
Region
City / District
‘ഇമ്രാൻ ഖാന് ജയിലിൽ നരകജീവിതം’, മാസങ്ങളായി ബന്ധപ്പെടാൻ അനുമതിയില്ല; ലോകം ഇടപെടണമെന്ന് മകൻ

‘ഇമ്രാൻ ഖാന് ജയിലിൽ നരകജീവിതം’, മാസങ്ങളായി ബന്ധപ്പെടാൻ അനുമതിയില്ല; ലോകം ഇടപെടണമെന്ന് മകൻ

ലഹോർ∙ റാവൽപിണ്ടിയിലെ ആദിയാല ജയിലിൽ ഏകാന്തതടവിലുള്ള പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ(73) രോഗാവസ്ഥകളാൽ ബുദ്ധിമുട്ടുകയാണെന്നും അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മകൻ കാസിം ഖാൻ വീണ്ടും രംഗത്ത്. ഇമ്രാനുവേണ്ടി രാജ്യാന്തര സമൂഹം ഇടപെടണമെന്ന് കാസിം ആവശ്യപ്പെട്ടു. സർക്കാർ ഖജനാവുമായി ബന്ധപ്പെട്ട അഴിമതിക്കുറ്റം ചുമത്തി 2023 ഓഗസ്റ്റിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്.

തനിക്കും സഹോദരനും മാതാവിനും അദ്ദേഹത്തോടു സംസാരിക്കാൻ കഴിഞ്ഞിട്ട് മാസങ്ങളായി. കഴിഞ്ഞ മാർച്ചിനു മുൻപാണ് അവസാനം സംസാരിച്ചത്. ഇമ്രാനെ ബന്ധപ്പെടാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്നും കാസിം സമൂഹമാധ്യമ പോസ്റ്റിൽ ആരോപിച്ചു. കാസി(26)മും സഹോദരൻ സുലൈമാനും(29) യുകെയിലാണ് താമസം. ഇമ്രാനെ കാണാൻ ബന്ധുക്കൾക്ക് ജയിലിൽ സന്ദർശനവിലക്കുണ്ട്. മുൻപൊരു തവണ സഹോദരി ചെന്നുകണ്ടപ്പോൾ​‌‌ പാക്ക് പട്ടാളമേധാവി അസിം മുനീറിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ഇമ്രാൻ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ആരും കാണാൻ വരേണ്ടെന്ന് അധികൃതർ ഉത്തരവിട്ടത്. രക്തം കട്ടപിടിച്ചുണ്ടായ സങ്കീർണതകൾ മൂലം ഇമ്രാന്റെ വലതു കണ്ണിന്റെ കാഴ്ച ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ടത് ഫെബ്രുവരിയിലാണ്. സുപ്രീം കോടതി ഇടപെട്ടാണ് ചികിത്സാസൗകര്യം ഒരുക്കിയത്.


Manorama News 1 hour ago
Home Flash News