Select Location
All Locations
State
Region
City / District
ബഹ്റൈനിൽ ആക്രമണം തുടർന്ന് ഇറാൻ; ആമസോൺ ഡേറ്റ സെന്റർ ആക്രമിച്ചതായി അവകാശവാദം

ബഹ്റൈനിൽ ആക്രമണം തുടർന്ന് ഇറാൻ; ആമസോൺ ഡേറ്റ സെന്റർ ആക്രമിച്ചതായി അവകാശവാദം

മനാമ / ദുബായ്∙ ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം. ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ, ബഹ്റൈൻ ഭരണകൂടമോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ജോർദാനിലെ അൽ അസ്റഖ് സേനാ താവളവും ബഹ്റൈനിലെ ഷെയ്ഖ് ഇസാ വ്യോമ താവളവും ആക്രമിച്ചെന്നും ഇറാൻ അവകാശപ്പെട്ടു. ഇറാഖിലെ സ്വയംഭരണ കുർദിസ്ഥാൻ മേഖലയുടെ തലസ്ഥാനമായ ഇർബിലിൽ ഡ്രോണാക്രമണം നടന്നു. ഇർബിൽ രാജ്യാന്തര വിമാനത്താവളത്തിലേക്കു ഡ്രോൺ ഇടിച്ചിറക്കി. വിമാനത്താവളത്തിൽനിന്നു സർവീസുകൾ താൽക്കാലികമായി നിർത്തിയെങ്കിലും പിന്നീടു പുനഃസ്ഥാപിച്ചു. ആക്രമണത്തെ തുടർന്നു തീ പടർന്നതു നിയന്ത്രണ വിധേയമാക്കി.

ആർക്കും പരുക്കില്ല. ഇർബിൽ വിമാനത്താവളത്തിനു സമീപം അമേരിക്കൻ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനു സമീപത്തായി പലതവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇപ്പോഴും 6000 നാവികർ ഒറ്റപ്പെട്ടു കിടക്കുകയാണെന്നു യുഎൻ അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഈ നാവികരെ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് യുഎൻ അവകാശ സമിതിയുടെ അധ്യക്ഷൻ വോക്കർ ടുർക്ക് ആവശ്യപ്പെട്ടു. ഇവർക്ക് മരുന്ന് ഉൾപ്പെടെ അവശ്യവസ്തുക്കൾ കപ്പലിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു കപ്പൽ മാത്രമാണു ഹോർമുസ് കടന്നത്. 20 ലക്ഷം ബാരൽ ഇറാഖി ബസ്റ അസംസ്കൃത എണ്ണയുമായി ചൈനയുടെ റിസാവോ തുറമുഖം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ന്യൂജയന്റ് കപ്പലാണ് കടലിടുക്ക് ക‌ടന്നത്.

അതേസമയം, സൗദിയിൽ ചെങ്കടലിൽ ബാബ അൽ മൻദിബ് കടലിടുക്ക് കടന്ന കപ്പലുകൾ 32 ആയി. 14 ടാങ്കറുകൾ ചെങ്കടലിലേക്കും 18 ടാങ്കറുകൾ ചെങ്കടലിൽ നിന്നു പുറത്തേക്കുമാണു സഞ്ചരിക്കുന്നത്. ചെങ്കടലിൽനിന്നു പുറത്തേക്കു വരുന്ന 18 കപ്പലുകളിൽ 9 എണ്ണത്തിൽ അസംസ്കൃത എണ്ണയാണ്. രണ്ടു കപ്പലുകൾ ചൈനയുടെ സൂപ്പർ ടാങ്കറുകളാണ്. ഈജിപ്തിന്റെ മെഡിറ്ററേനിയൻ തുറമുഖമായ സിദി കെറിറിൽനിന്നു കൂടുതൽ അസംസ്കൃത എണ്ണ കയറ്റുമതി ആരംഭിച്ചതായി സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ അറിയിച്ചു. ചെങ്കടലിൽ ഹൂതി വിമതരുടെ ഭീഷണി കണക്കിലെടുത്താണ് ഈജിപ്ത് തുറമുഖത്ത് നിന്നു കയറ്റുമതി വർധിപ്പിക്കുന്നത്.

∙ ഇറാനെയും ഹൂതികളെയും ശിക്ഷിക്കുമെന്ന് ട്രംപ് ചെങ്കടലിൽ സൗദിയുടെ എണ്ണക്കപ്പലുകൾ ആക്രമിച്ച ഇറാനും ഹൂതികൾക്കും സൈനികനടപടിയിലൂടെ ശിക്ഷ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിൽ വൻ ആക്രമണം നടത്താൻ ആലോചിക്കുകയാണെന്ന് ആക്സിയോസ് വാർത്താമാധ്യമത്തിനു നൽകിയ അഭിമുഖത്തി‍ൽ ട്രംപ് പറഞ്ഞു. ‘അവർക്ക് ഈ കിട്ടിയ പ്രഹരമൊന്നും പോരാ. ആക്രമിക്കപ്പെട്ട ചരക്കുകപ്പലുകൾക്ക് ഇറാന്റെ പണം ഉപയോഗിച്ച് നഷ്ടപരിഹാരം നൽകും’– അദ്ദേഹം വ്യക്തമാക്കി. യെമനിലെ ഹൂതികൾക്കു സഹായമേകാൻ ഇറാൻ അവരുടെ റവലൂഷനറി ഗാർഡ് സേനയുടെ കമാൻഡർമാരെയും സൈനിക ഉപദേഷ്ടാക്കളെയും മിസൈൽ ഉപകരണങ്ങൾ സഹിതം അയച്ചതു സംബന്ധിച്ച റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇന്നലെ രാവിലെ ഇറാനിലെ ഖെഷം ദ്വീപിലും ഇസ്ഫഗാൻ പ്രവിശ്യയിലും യുഎസ് ബോംബിട്ടു. ഖുസെസ്ഥാൻ, ഫാർസ് പ്രവിശ്യകളിലും യുഎസ് ആക്രമണമുണ്ടായി


Manorama News 1 hour ago
Home Flash News