Select Location
All Locations
State
Region
City / District
'സമരം നടന്നു എന്നതുകൊണ്ട് മാത്രം ലാത്തിച്ചാർജ് നടത്താനാവില്ല

'സമരം നടന്നു എന്നതുകൊണ്ട് മാത്രം ലാത്തിച്ചാർജ് നടത്താനാവില്ല': ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിലെ പൊലീസ് നടപടിയിൽ സുപ്രീം കോടതി

സമരങ്ങൾ നടന്നു എന്നതുകൊണ്ടുമാത്രം ലാത്തിച്ചാർജ് നടത്താനാവില്ലെന്ന് സുപ്രീം കോടതി. സമാധാനപരവും നിയമപരവുമായ പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ മാർച്ചിനിടെ വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരെ അമിതമായ പൊലീസ് ബലപ്രയോഗം ആരോപിച്ച് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങൾ സ്വതന്ത്രമായി അന്വേഷിക്കണമെന്നും രാജ്യത്തുടനീളമുള്ള പ്രകടനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത പൊലീസ് പ്രോട്ടോക്കോൾ ആവശ്യമാണെന്നും ബെഞ്ച് വ്യക്തമാക്കി. സമാധാനപരവും നിയമപരവുമായ പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടന തികച്ചും ഉറപ്പുനൽകുന്നുണ്ട്. പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെന്ന കാരണത്താൽ മാത്രം അതിക്രമങ്ങൾ കാണിക്കാൻ പാടില്ല. അമിതമായ ബലപ്രയോഗം നടന്നിട്ടുണ്ടെങ്കിൽ അത് സ്വതന്ത്രമായി അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇത് ഡൽഹിയുടെ മാത്രം പ്രശ്നമല്ലെന്നും രാജ്യവ്യാപകമായി ഏകീകൃത പ്രോട്ടോക്കോൾ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് വാക്കാൽ നിരീക്ഷിച്ചു. പ്രക്ഷോഭങ്ങൾ നടക്കുമ്പോൾ ഉടൻതന്നെ ലാത്തിച്ചാർജ് നടത്തണമെന്നില്ലെന്നും . അച്ചടക്കം ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന് നടപടികളിൽ പങ്കെടുക്കാൻ ബെഞ്ച് അനുമതി നൽകി. പ്രതിഷേധക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഏൽക്കുന്ന പരിക്കുകൾ തുല്യ പ്രാധാന്യമുള്ള കാര്യമാണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അഭിപ്രായപ്പെട്ടു. ഹെൽമെറ്റുകൾ ഉൾപ്പെടെയുള്ള മതിയായ സുരക്ഷാ ഉപകരണങ്ങൾ പൊലീസിന് നൽകാൻ സംസ്ഥാനങ്ങൾ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികൾക്ക് പരിക്കേൽക്കുന്നത്, അത് പൊലീസായാലും വിദ്യാർത്ഥികളായാലും ഒരേപോലെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ചൊവ്വാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

ജൂലൈ 20-ന് ഡൽഹിയിൽ നടന്ന വിദ്യാർത്ഥി മാർച്ചിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. പാർലമെന്റിലേക്ക് മാർച്ച് നടത്തിയ പ്രക്ഷോഭകർക്ക് നേരെ കണ്ണീർവാതകം, ലാത്തിച്ചാർജ്, ബാരിക്കേഡുകൾ സ്ഥാപിക്കൽ, കസ്റ്റഡിയിലെടുക്കൽ എന്നിവയുണ്ടായെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. പ്രതിഷേധത്തിനിടയിൽ മർദ്ദനമേറ്റതായി ഒരു വിഭാഗം വിദ്യാർത്ഥികൾ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിഹാറിലെ സിവാനിൽ പ്രക്ഷോഭകർക്ക് നേരെ എ.കെ-47 തോക്കുകൾ ഉപയോഗിച്ചതായും ഹർജിയിൽ ആരോപണമുണ്ട്.

പൊതുപ്രകടനങ്ങൾക്കിടയിലെ പൊലീസ് നടപടികൾ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സിവിൽ വേഷത്തിലുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് നിരോധിക്കുക, ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞകൾ ഉപയോഗിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറുകൾ നടപ്പിലാക്കുക, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 152-ന്റെ ദുരുപയോഗത്തിനെതിരെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്.


News18Kerala 48 minutes ago
Home Flash News