മണ്ഡല പുനർനിർണയം, വനിതാ സംവരണം: ബില്ലുകൾ പാസാക്കാൻ പാർലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ
പാർലമെന്റിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും ബില്ലിലെ പാർട്ടി നിലപാട് അറിയുന്നതിനുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ബുധനാഴ്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
നീണ്ട നാളായി മുടങ്ങിക്കിടക്കുന്ന മണ്ഡലപുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും പാസാക്കുന്നതിനായി ഓഗസ്റ്റ് 16 മുതൽ 18 വരെ പാർലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം ചേരാൻ സർക്കാർ നിർദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏറെ പ്രാധാന്യമുള്ള ഈ രണ്ട് നിർണായക ബില്ലുകളും പാസാക്കിയെടുക്കാനാണ് സർക്കാർ നീക്കം. എന്നാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉയർത്താൻ സാധ്യതയുണ്ട്. മണ്ഡല പുനർനിർണയ ബില്ലിന് പ്രതിപക്ഷം ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
പ്രതിപക്ഷത്തെ സന്ദർശിച്ച് കേന്ദ്രം
പാർലമെന്റിലെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനും ബില്ലിലെ പാർട്ടി നിലപാട് അറിയുന്നതിനുമായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ബുധനാഴ്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഓഫീസിൽ വെച്ച് നടന്ന 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. എന്നാൽ ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ.