മോഡിഫിക്കേഷൻ പറ്റില്ലെന്ന് ഹൈക്കോടതി; ഒരു വാഹനത്തിലെ ഓരോ മോഡിഫിക്കേഷനും 5,000 രൂപ വീതം പിഴ
വാഹനങ്ങളിൽ നടത്തുന്ന അനധികൃത രൂപമാറ്റത്തിനെതിരെ മോട്ടർ വാഹന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കൊപ്പം പോലീസും കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഒരു വാഹനത്തിൽ വരുത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും വെവ്വേറെ 5,000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
അടൂരിൽ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിൽ ആറ് നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും ആകെ 5,000 രൂപ മാത്രം പിഴ ചുമത്തിയ പശ്ചാത്തലത്തിലാണ് കോടതി നടപടി കടുപ്പിച്ചത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയിട്ടുണ്ട്.
എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന എൽ.ഇ.ഡി ഉൾപ്പെടെയുള്ള തീവ്രപ്രകാശ ലൈറ്റുകൾ, റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, അനധികൃത സൈറണുകൾ, വീൽ സ്‌പേസറുകൾ, വീതിയേറിയ ടയറുകൾ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കോടതി നിർദേശിച്ചു. ബോഡിക്ക് പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ മൂലം ചെളിയും വെള്ളവും തെറിച്ച് കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹർജി സെപ്റ്റംബർ 7-ന് കോടതി വീണ്ടും പരിഗണിക്കും.