Kareena Kapoor | അത്രയുമേ പഠിക്കാൻ പറ്റിയുള്ളൂ; മക്കൾക്ക് ആ ഗതി വരരുത് : കരീന കപൂർ
ഹിന്ദി സിനിമയിൽ ആരും കൊതിച്ചുപോകുന്ന ഒരിടം തന്റെ പേരിൽ ഉറപ്പിക്കാൻ സാധിച്ച നടി. വളരെ ചെറുപ്രായത്തിലേ ആ ക്രെഡിറ്റ് ലഭിച്ചയാളാണ് നടി കരീന കപൂർ (Kareena Kapoor). ഇന്ന് അഭിമാനാർഹമായ ഒരുപിടി സിനിമകളിൽ വേഷമിടാൻ സാധിച്ച കരീനയ്ക്ക് ഇനിയും വിട്ടുമാറാത്ത ഒരു വിങ്ങൽ ഉള്ളിലുണ്ട്. സിനിമയ്ക്ക് പിന്നാലെ പോയപ്പോൾ നഷ്‌ടപ്പെടുത്തേണ്ടി വന്ന ഒന്ന്. തിരിഞ്ഞു നോക്കുമ്പോൾ തന്റെ മക്കൾക്ക് ആ ഗതി വരാൻ പാടില്ലെന്ന് കരീന കപൂർ ആഗ്രഹിക്കുന്നു. ഹനുമൻ ദാസുമായുള്ള സംഭാഷണത്തിലാണ് കരീന കപൂർ ഇങ്ങനെയൊരു വേദന ഉള്ളിലൊതുക്കുന്ന കാര്യം വെളിപ്പെടുത്തിയത്
വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയത് കരീനയുടെ ഉള്ളിലെ വലിയ വേദനയാണ്. പ്ലസ് വൺ എത്തിയതും പഠനത്തോട് ബൈ പറയേണ്ടതായി വന്നു കരീനയ്ക്ക്. ഇങ്ങനെയൊരു അനുഭവം മക്കളെ വളർത്തിവലുതാക്കുന്ന വേളയിൽ നികത്താൻ കരീന കപൂർ ശ്രദ്ധിച്ചിരുന്നു. ഒരു നടി എന്ന നിലയിൽ വിജയക്കുതിപ്പ് നടത്തിയപ്പോഴും പഠനം എങ്ങുമെങ്ങും എത്തിക്കാൻ കഴിയാതെപോയതിൽ കരീന ഖേദം ഉള്ളിലൊതുക്കി (തുടർന്ന് വായിക്കുക)
"ഞാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. അതെന്റെ ഉള്ളിൽ തങ്ങിനിന്നു. അവസരം കിട്ടിയെങ്കിലും, സിനിമയിൽ മുഴുകിയ ഞാൻ പതിനൊന്നാം ക്‌ളാസിൽ കൂടുതലൊന്നും പഠിച്ചില്ല." പഠനം ഉപേക്ഷിച്ചതിന്റെ പേരിൽ പലരും പല അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും, തൊഴിലിലൂടെ തന്റെ കഴിവ് പ്രകടിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയയാളാണ് കരീന കപൂർ. പലരും ആ പേരിൽ കളിയാക്കുകയും, അവർക്ക് പറയാനുള്ളതെല്ലാം പറയുകയും ചെയ്യും. അപ്പോഴെല്ലാം ഒരു നടി എന്ന നിലയിൽ സ്വയം തെളിയിക്കാൻ ആഗ്രഹിച്ചയാളായിരുന്നു ഞാൻ. എന്റെ ഹൃദയം പറയുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിച്ചു," കരീന പറഞ്ഞു
എന്ത് പറഞ്ഞാലും, തിരിഞ്ഞു നോക്കുമ്പോൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തതിൽ ഖേദിക്കുന്നതായി കരീന കപൂർ. ആയതിനാൽ, മക്കളായ തൈമൂർ, ജേ എന്നിവർ പഠനം പൂർത്തിയാക്കുന്നതിൽ താൻ ശ്രദ്ധാലുവെന്ന് കരീന. മക്കൾക്ക് നൽകുന്ന ഉപദേശം തന്റെ അനുഭവത്തെ അടിസ്ഥാനമാക്കിയാണെന്ന് കരീന. പാഷൻ എന്തായാലും മക്കൾക്ക് അത് പിന്തുടരാം. എന്നിരുന്നാലും അവർ വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം
"അതുകൊണ്ടാണ് ഞാൻ എന്റെ മക്കളോട് പഠനം കഴിഞ്ഞ് ഹൃദയത്തിന്റെ വിളിക്ക് കാതോർക്കാം എന്ന് പറയാറുള്ളത്," കരീന വ്യക്തമാക്കി. യുനിസെഫിലൂടെ പെൺകുട്ടികളുടെ പഠനത്തിന് പിന്തുണ നൽകുന്നതിൽ പോലും വ്യക്തിപരമായ ഈ അനുഭവം നിഴലിക്കാറുണ്ടെന്ന് കരീന. "ഇന്ത്യയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകണമെന്ന ആവശ്യവുമായി യുനിസെഫ് എന്നെ സമീപിച്ചതും, ഒരിക്കലും പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ എന്റെ അവസ്ഥയാണ് മനസിലുണ്ടായിരുന്നത്," കരീന പറഞ്ഞു
2014മുതൽ യുനിസെഫിന്റെ ഭാഗമായി പെൺകുട്ടികളുടെ വിദ്യാഭ്യാസം, ലിംഗ സമത്വം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു കരീന കപൂർ