കൊച്ചി: മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസ്. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹക്കീം നല്‍കിയ പരാതിയിലാണ് എറണാകുളം സിറ്റി സൈബര്‍ പോലീസ് കേസെടുത്തത്. അപര്‍ണയുടെ മാധ്യമസ്ഥാപനമായ ബിഗ് ടിവി കൊച്ചിയില്‍ ആയതിനാലാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വിവരം. ഈ മാസം മൂന്നിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും എതിരെ വിദ്വേഷ പരാമര്‍ശം നടത്തി എന്നാണ് പരാതി.
മതവിദ്വേഷം പരത്തി, കലാപാഹ്വാന ശ്രമം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് അപര്‍ണക്കെതിരെ കേസെടുത്തിട്ടുള്ളത്. കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവന ചര്‍ച്ച ചെയ്യവെയാണ് കേസിന് ആസ്പദമായ പരാമര്‍ശങ്ങള്‍ അവതാരകയുടെ ഭാഗത്ത് നിന്നുണ്ടായത്.
സ്ത്രീകളെ പൊതുരംഗത്ത് പ്രദര്‍ശിപ്പിക്കരുത് എന്നായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. ഇതിനെതിരെ സിപിഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്. എന്നാല്‍ ഇസ്ലാമിനെ മോശമായി ചിത്രീകരിച്ചാണ് അപര്‍ണ ചര്‍ച്ചയില്‍ സംസാരിച്ചത് എന്നാണ് പരാതി. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ചാനല്‍ ഖേദം പ്രകടിപ്പിക്കുകയും വീഡിയോ നീക്കം ചെയ്യുകയുമുണ്ടായി.
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ അപര്‍ണയുടെ പരാതിയില്‍ പോലീസ് പിന്നീട് കേസെടുത്തിരുന്നു. ചാനല്‍ ചര്‍ച്ചയ്ക്ക് ശേഷം അബ്ദുല്ല ബാസില്‍ ഈ വിഷയത്തില്‍ മറ്റൊരു വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് ഇത് കാരണമായി എന്നാണ് അപര്‍ണയുടെ പരാതി.
ബാസിലിനെ ഒന്നാം പ്രതിയാക്കിയാണ് ഈ പരാതിയില്‍ എറണാകുളം സൈബര്‍ പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. എന്നാല്‍ ഇതിനെതിരെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ രംഗത്തുവന്നു. പികെ ഫിറോസ് എംഎല്‍എയും ഡോ. ജിന്റോ ജോണും ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.
വാദിയെ പ്രതിയാക്കി കേസെടുത്തു എന്നായിരുന്നു ബാസിലിനെതിരായ പോലീസ് നടപടിക്കെതിര ഉയര്‍ന്ന വിമര്‍ശനം. ഇതേ തുടര്‍ന്ന് ബാസിലിനെതിരായ കേസില്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൂടാതെ ബാസില്‍ നല്‍കിയ പരാതിയല്‍ യുക്തിവാദി നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് അന്വേഷിക്കാനും ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
LIVE