മകളെ കാണാനില്ലെന്ന് പരാതി നൽകിയതിന് മരുമകൻ വീട് അടിച്ചു തകർത്തു
മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ മരുമകൻ വാടകവീട് അടിച്ചുതകർത്തതായി പരാതി. കുളത്തൂർ കോരാളംകുഴി സ്വദേശിനി തങ്ക (57) ആണ് മകളുടെ ഭർത്താവ് റോബിനെതിരെ തുമ്പ പോലീസിൽ പരാതി നൽകിയത്.
റോബിന്റെ മർദനത്തെ തുടർന്ന് മകളെ കാണാനില്ലെന്നായിരുന്നു തങ്കയുടെ പരാതി. തുടർന്ന് പോലീസ് യുവതിയെ കണ്ടെത്തി തങ്കയുടെ വീട്ടിലെത്തിച്ചു.
ഇതിന് പിന്നാലെ പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യത്തിൽ റോബിൻ വീട്ടിലെത്തി തങ്കയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് വീടിന്റെ വാതിലും ജനലുകളും വെട്ടിപ്പൊളിച്ച് നശിപ്പിച്ചെന്നും തങ്ക പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു.