ആവേശമായി 'സിംഗനമല ബൊബ്ബിലി രണബാലി'; ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അതിശക്തനായ വീരയോദ്ധാവായി വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ട നായകനാകുന്ന പാൻ-ഇന്ത്യൻ ചരിത്ര പീരിയഡ് ആക്ഷൻ ബിഗ് ബജറ്റ് ചിത്രം 'രണബാലി'യുടെ ടീസർ പുറത്തിറങ്ങി. പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിരിക്കുന്നത്. വിജയദശമി ആഘോഷങ്ങളുടെ സമയത്ത് ഒക്ടോബർ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം എത്തും.
1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മദ്രാസ് പ്രസിഡൻസിയിൽ ബ്രിട്ടീഷുകാർ സൃഷ്ടിച്ച ഭീകരമായ പട്ടിണിയും പീഡനങ്ങളുമാണ് ടീസറിന്‍റെ തുടക്കത്തിൽ കാണിക്കുന്നത്. ക്രൂരനായ സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍റെ നിർദ്ദേശപ്രകാരം ഇന്ത്യക്കാരുടെ ധാന്യങ്ങൾ പൂർണ്ണമായും കൊള്ളയടിക്കപ്പെടുന്നു.
ഈ അടിച്ചമർത്തലിനും ക്രൂരതയ്ക്കുമെതിരെ "സിംഗനമല ബൊബ്ബിലി രണബാലി" എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട പോരാട്ടത്തിനിറങ്ങുന്നു. തൻ്റെ നാടിൻ്റെയും ജനങ്ങളുടെയും സംരക്ഷണത്തിനായി വാളെടുക്കുന്ന രണബാലിയുടെ മാസ്സ് ആക്ഷൻ രംഗങ്ങളാണ് ടീസറിലെ പ്രധാന ആകർഷണം.
"സിംഗനമല ബൊബ്ബിലി രണബാലി" എന്ന വിജയ് ദേവരകൊണ്ടയുടെ ഇൻട്രോ ഡയലോഗും, തന്‍റെ കാവലിൽ തൻ്റെ ഗ്രാമത്തിന്‍റെ അതിർത്തി കടന്ന് ഒരു ധാന്യമണി പോലും പുറത്തുപോകില്ലെന്ന ശപഥവുമാണ് ടീസറിൽ കാണാൻ കഴിയുന്നത്. ടീസറിന്‍റെ അവസാനത്തിൽ ഗുഹയിൽ നിന്ന് പുറത്തുവരുന്ന ഒരു നിഗൂഢ കൈയും വിചിത്രമായ ദ്രാവകം അടങ്ങിയ മൺപാത്രവും കഥയിലെ വലിയ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്നു. ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.