വിയറ്റ്നാം ഇന്ത്യക്കാർക്ക് ഏറെ പ്രിയങ്കരം; 9 മാസത്തിനിടെ സന്ദർശിച്ചത് ഏഴ് ലക്ഷത്തോളം പേർ; വർദ്ധന 33 ശതമാനം
ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട യാത്രാ കേന്ദ്രങ്ങളിലൊന്നായി വിയറ്റ്‌നാം മാറുന്നു. 2026-ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ 6,70,000-ത്തിലധികം ഇന്ത്യൻ സഞ്ചാരികളാണ് വിയറ്റ്‌നാം സന്ദർശിച്ചത്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ വിയറ്റ്‌നാമിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളെത്തിക്കുന്ന രാജ്യങ്ങളിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. വിയറ്റ്‌നാമിന്റെ തിരക്കേറിയ തലസ്ഥാന നഗരമായ ഹനോയിക്കും ബിസിനസ് കേന്ദ്രമായ ഹോ ചി മിൻ സിറ്റിക്കും പുറമെ കടലോര ഭംഗിയുള്ള ദാ നാങ്, ദ്വീപ് നഗരമായ ഫു ക്വോക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടുതൽ ഇന്ത്യൻ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായവർദ്ധനവ് കണക്കിലെടുത്ത് വിയറ്റ്‌നാം എയർലൈൻസ് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ കൂടുതൽ വിപുലീകരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി എയർലൈൻസ് പ്രഖ്യാപിച്ചു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ വിയറ്റ്‌നാമിലെ കടലോര തീരങ്ങളും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ ഇന്ത്യൻ സഞ്ചാരികൾക്ക് കൂടുതൽ എളുപ്പമാകും.
വിമാന സർവീസ് സമയവും വിവരങ്ങളും:
എയർബസ് A321 വിമാനങ്ങൾ ഉപയോഗിച്ച് ആഴ്ചയിൽ നാല് ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് ഉണ്ടാവുക.
ഹനോയി - അഹമ്മദാബാദ്: വൈകുന്നേരം 5:35-ന് ഹനോയിയിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 9:30-ന് അഹമ്മദാബാദിലെത്തും.
അഹമ്മദാബാദ് - ഹനോയി: രാത്രി 10:45-ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4:35-ന് ഹനോയിയിലെത്തും.
ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയ്ക്ക് ശേഷം വിയറ്റ്‌നാം എയർലൈൻസ് സർവീസ് നടത്തുന്ന ഇന്ത്യയിലെ അഞ്ചാമത്തെ കേന്ദ്രമാണ് അഹമ്മദാബാദ്. പുതിയ റൂട്ട് നിലവിൽ വരുന്നതോടെ ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള വിയറ്റ്‌നാം എയർലൈൻസിന്റെ പ്രതിവാര സർവീസുകളുടെ എണ്ണം 25 ആയി ഉയരും.
പുതിയ സർവീസിന്റെ ഭാഗമായി ആകർഷകമായ ഓഫർ നിരക്കുകളും എയർലൈൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. നികുതികളും ഫീസുകളും ഉൾപ്പെടെ വിയറ്റ്‌നാം ഡോങ് 6,308,000 മുതലാണ് റിട്ടേൺ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.
വിയറ്റ്‌നാമിലെ ഭക്ഷണങ്ങൾ, ചരിത്രപ്രാധാന്യമുള്ള ഹോൺ കീം തടാകം, വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേ എന്നിവ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഗുജറാത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് ഈ പുതിയ സർവീസ് ഏറെ പ്രയോജനകരമാകും.