'ഇറാനെതിരെ കൂടുതൽ സൈനിക നടപടി ഉണ്ടായേക്കും'; മുന്നറിയിപ്പ് നൽകി ട്രംപ്
ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുമായി കരാറിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ പുതിയ സൈനിക നടപടി ഉണ്ടായേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് നയതന്ത്ര പ്രതിനിധി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന റാലിയിലാണ് ഇറാനെതിരെ വീണ്ടും സൈനിക നീക്കമുണ്ടായേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചത്. 'തങ്ങൾ മറ്റൊരു ചെറിയ എപ്പിക് ഫ്യൂറി നടത്തിയേക്കാം' എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇറാനെതിരായ യുഎസ് സൈനിക നടപടിക്ക് നൽകിയ പേരാണ് 'എപ്പിക് ഫ്യൂറി'.
ഇറാനെതിരെ ഈ വാരാന്ത്യത്തിൽ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തുർക്കിയിലെ യുഎസ് അംബാസഡറും സിറിയൻ വിഷയങ്ങളിലെ വാഷിങ്ടണിന്റെ പ്രധാന പ്രതിനിധിയുമായ ടോം ബാരക് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ബാരക്കിന്റെ പ്രസ്താവനയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ട്രംപ് ആദ്യം പ്രതികരിച്ചത് വ്യത്യസ്തമായായിരുന്നു. 'അത് തന്റെ അംബാസഡറാണോ പറഞ്ഞത്? അങ്ങനെയെങ്കിൽ അദ്ദേഹം വളരെ ശക്തനായ വ്യക്തിയായിരിക്കണം. അത്തരമൊരു കാര്യമുണ്ടെങ്കിൽ തനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല' എന്നായിരുന്നു ട്രംപ് പറഞ്ഞത്.
ഇറാനുമായി ബന്ധപ്പെട്ട അമേരിക്കൻ നയരൂപീകരണത്തിൽ നേരിട്ട് ചുമതലയില്ലാത്ത ബാരക്, ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുകയെന്നത് വാഷിങ്ടണിന്റെ ലക്ഷ്യമല്ലെന്നും വ്യക്തമാക്കി. ലോകത്തെയും അമേരിക്കയുടെ സഖ്യകക്ഷികളെയും ഗൾഫ് രാജ്യങ്ങളെയും ഇറാൻ ഭീഷണിപ്പെടുത്തുന്നത് തുടർന്നാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ വീണ്ടും ആക്രമണം നടത്തില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതിയ പ്രസ്താവനകൾ ശ്രദ്ധേയമാണ്.
ഇറാനുമായി ബന്ധപ്പെട്ട സംഘർഷം എട്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിലും ലെബനനിലെ ഇസ്രയേൽ സൈനിക നടപടികളിലുമായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് പേർക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരികയും ചെയ്തിരുന്നു.