ഇന്ത്യ – യൂറോപ്പ് വ്യാപാര ബന്ധത്തിന് കരുത്തേകാൻ അദാനി പോർട്ട്‌സ് – പോർട്ട് ഓഫ് മാർസെയിൽ പങ്കാളിത്ത കരാർ
ഇന്ത്യ-യൂറോപ്പ് വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും ഫ്രാൻസിലെ പ്രമുഖ തുറമുഖവും മെഡിറ്ററേനിയനിലെ പ്രധാന കവാടവുമായ പോർട്ട് ഓഫ് മാർസെയിൽ ഫോസും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. വ്യാപാരം, തുറമുഖ നവീകരണം, ഊർജ്ജ പരിവർത്തനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലെ പ്രധാന തുറമുഖങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനായി ഒരു ‘IMEC പോർട്ട്‌സ് ക്ലബ്’ രൂപീകരിക്കുമെന്നതാണ് ഈ കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഇതിലൂടെ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനവേളയിലാണ് ഈ ധാരണാപത്രം ഒപ്പുവെച്ചത്.
ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിനും ഇന്ത്യ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിനും ഊർജം പകരുന്ന പങ്കാളിത്തത്തിനാണ് അദാനി പോർട്ട്‌സും പോർട്ട് ഓഫ് മാർസെയിലും തുടക്കം കുറിക്കുന്നത്. 2023-ലെ ന്യൂഡൽഹി ജി20 ഉച്ചകോടിയിൽ തുടക്കമിട്ട ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, കപ്പൽ ഗതാഗതം, റെയിൽ ശൃംഖലകൾ, ഡിജിറ്റൽ സംവിധാനങ്ങൾ, ഊർജ്ജ പാതകൾ എന്നിവയിലൂടെ ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന 6,000 കിലോമീറ്റർ ദൈർഘ്യമുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റി പദ്ധതിയാണ്.