നേമത്ത് രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രനും വി. മുരളീധരനും പട്ടികയിൽ;35 മണ്ഡലങ്ങളിലെ സാധ്യത പട്ടിക
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക തയ്യാർ. എ-ക്ലാസ് മണ്ഡലങ്ങളടക്കം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ പ്രഥമപരിഗണന ആർ. ശ്രീലേഖയ്ക്കാണ്. കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കും.
ചൊവ്വാഴ്ച ചേർന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് സാധ്യത പട്ടികയ്ക്ക് രൂപം നൽകിയത്. ഇത് ഉടൻതന്നെ കേന്ദ്രനേതൃത്വത്തിന് കൈമാറും. ഓരോ മണ്ഡലത്തിലും മൂന്ന് പേരുകൾ വീതമാണ് പരിഗണനയിൽ. എന്നാൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനി മാറ്റമുണ്ടാകില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പകരം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുമെന്നും പാർട്ടി ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു.
കഴിവുള്ളവർക്കും വിജയസാധ്യത മത്സരിക്കാൻ അവസരം എന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു. നേമത്ത് ബിജെപിക്ക് രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഈ രണ്ടിടത്തെയും ഭാഗവാഹികളുടെ യോഗം ഇന്നലെത്തന്നെ പാർട്ടിയുടെ സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ചേർന്നിരുന്നു. ഇത്തരത്തിൽ നേമത്ത് മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി രാജീവ് ചന്ദ്രശേഖർ മുന്നോട്ടുപോവുകയാണ്.
വട്ടിയൂർക്കാവിലാണ് കെ. സുരേന്ദ്രന്റെ പേര് ഉയർന്നുവന്നതെങ്കിലും അദ്ദേഹത്തോട് മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രന് പാലക്കാട്, കായംകുളം, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിൽ സാധ്യത. എം.ടി. രമേശിന് തൃശൂർ അല്ലെങ്കിൽ കോഴിക്കോട് സീറ്റ് നൽകാനാണ് ധാരണ. സി. കൃഷ്ണകുമാർ മലമ്പുഴയിൽതന്നെ മത്സരിക്കും.