തിലകിന് പകരമല്ല, റിങ്കുവിന് പകരം സഞ്ജു, സിംബാബ്‌വെക്കെതിരായ ജീവൻമരണപ്പോരിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ നിർദ്ദേശിച്ച് പത്താൻ
ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം ഇർഫാൻ പത്താൻ. ഇന്ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പറിൽ ഇറക്കണമെന്നാണ് പത്താന്‍റെ പ്രധാന നിർദ്ദേശം. ഇന്ത്യയുടെ ഓപ്പണർമാരായ അഭിഷേക് ശർമ്മയും ഇഷാൻ കിഷനും ഇടംകൈയ്യൻമാരായതിനാൽ, മൂന്നാം നമ്പറിൽ ഒരു വലംകൈയ്യൻ ബാറ്റ്‌സ്മാൻ വരുന്നത് ടീമിന് ഗുണം ചെയ്യുമെന്ന് പത്താൻ തന്‍റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 76 റൺസിന്‍റെ വൻ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ സിംബാബ്‌വെക്കെതിരായ വിജയം അനിവാര്യമാണ്. മോശം ഫോമിലുള്ള തിലക് വർമ്മയെ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം നമ്പറിലേക്ക് മാറ്റണമെന്നും പത്താൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി വെറും 118.88 സ്ട്രൈക്ക് റേറ്റിൽ 107 റൺസ് മാത്രമാണ് തിലക് വർമ്മയ്ക്ക് നേടാനായത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ തിലക് വർമ്മയ്ക്ക് പകരം സഞ്ജുവിനെ ടോപ്പ് ഓർഡറിൽ പരീക്ഷിക്കുന്നത് ബാറ്റിംഗ് നിരയ്ക്ക് കരുത്താകും. ബൗളിംഗ് നിരയിലും മാറ്റം വേണമെന്ന് പത്താന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്ന വാഷിംഗ്ടൺ സുന്ദറിന് പകരം വൈസ് ക്യാപ്റ്റൻ അക്സർ പട്ടേൽ ടീമിലെത്തണം.
പത്താൻ തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി