‘നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്’; കുടുങ്ങി കിടക്കുന്നവരെ ചേർത്ത് പിടിച്ച് യുഎഇ, വീസ പിഴ ഒഴിവാക്കി
അബുദാബി ∙ വ്യോമപാത അടച്ചതിനെത്തുടർന്ന് യുഎഇയിൽ നിന്ന് പുറപ്പെടാൻ കഴിയാതെ വീസ കാലാവധി കഴിഞ്ഞവർക്ക് ഓവർസ്റ്റേ പിഴ ഒഴിവാക്കി നൽകാൻ അധികൃതർ തീരുമാനിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങൾ മൂലം യാത്ര മുടങ്ങിയ സന്ദർശകർക്കും താമസവീസ റദ്ദാക്കിയവർക്കും ഈ ആനുകൂല്യം ലഭിക്കും. 2026 ഫെബ്രുവരി 28 മുതലുള്ള പിഴകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മേഖലയിലെ പ്രത്യേക സാഹചര്യം മൂലം വിമാനങ്ങൾ റദ്ദാക്കിയതിനാലോ സമയം മാറ്റിയതിനാലോ യാത്ര മുടങ്ങിയവർക്കാണ് ഈ ആനുകൂല്യം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (െഎസിപി) മാനുഷിക പരിഗണന മുൻനിർത്തിയുള്ള ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
സന്ദർശക വീസക്കാർ:
ടൂറിസ്റ്റ്, വിസിറ്റ് വീസകളിൽ എത്തിയവർക്ക്.
വീസ റദ്ദാക്കിയവർ: താമസവീസ റദ്ദാക്കി രാജ്യം വിടാനിരിക്കെ വിമാനങ്ങൾ മുടങ്ങിയവർ.
എക്സിറ്റ് പെർമിറ്റുള്ളവർ: മറ്റ് അനുമതി പത്രങ്ങൾ കൈവശമുള്ളവർ.
സേവനം: വിമാനത്താവളങ്ങളിലെ സ്പെഷ്യലൈസ്ഡ് ടീമുകളും കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും യാത്രക്കാരെ സഹായിക്കാൻ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കാനും തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും അതോറിറ്റി നിർദേശിച്ചു.