'ഇസ്രായേലിന്റെ സമ്മർദത്താൽ തുടങ്ങിയത്' ഇറാൻ യുദ്ധത്തിൽ പ്രതിഷേധിച്ച് ട്രംപിന്റെ കൗണ്ടർ ടെററിസം ചീഫ് രാജിവെച്ചു
മൂന്നാഴ്ച മുമ്പ് ആരംഭിച്ച ഇറാൻ യുദ്ധത്തിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസുമായുള്ള ബന്ധം അവസാനിപ്പിച്ചുകൊണ്ട് യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് ചൊവ്വാഴ്ച രാജി പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടത്തിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ഈ യുദ്ധത്തിൽ പ്രതിഷേധിച്ച് ഇപ്പോൾ പടിയിറങ്ങുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തോടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ തുടർന്നുണ്ടായ സാഹചര്യങ്ങളിൽ തനിക്ക് തുടർന്ന് സഹകരിക്കാൻ കഴിയില്ലെന്ന് എക്സിലൂടെ കെന്റ് വ്യക്തമാക്കി.
"ഏറെ ആലോചനകൾക്ക് ശേഷം, നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ സ്ഥാനം ഞാൻ ഇന്ന് ഒഴിയുകയാണ്. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ പിന്തുണയ്ക്കാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല," അദ്ദേഹം കുറിച്ചു.
നമ്മുടെ രാജ്യത്തിന് ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിരുന്നില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഇസ്രായേലിന്റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടെയും സമ്മർദം മൂലമാണ് ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണ്," അദ്ദേഹം ആരോപിച്ചു. മുൻ ഗ്രീൻ ബെററ്റ് അംഗമായ ജോ കെന്റ്, ട്രംപിന് നൽകിയ ഔദ്യോഗിക രാജിപത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇസ്രായേൽ ഉദ്യോഗസ്ഥരും സ്വാധീനമുള്ള അമേരിക്കൻ മാധ്യമങ്ങളും ചേർന്ന് നടത്തിയ തെറ്റായ പ്രചാരണങ്ങൾ ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയങ്ങളെ അട്ടിമറിച്ചുവെന്നും യുദ്ധത്തിന് കളമൊരുക്കിയെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.