‘അവർ നിരപരാധികളാണ്; അവരെ ലക്ഷ്യമിട്ടാൽ ഇറാനെ ലോകം ഇതുവരെ കാണാത്ത ശക്തിയോടെ ആക്രമിക്കും’; മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്‌ടൻ∙ ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന പ്രകോപനങ്ങൾക്കെതിരെ അതിശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖത്തറിന് നേരെ ഇനിയൊരു ആക്രമണം ഉണ്ടായാൽ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമായ ഇറാന്റെ ‘സൗത്ത് പാർസ്’ ഗ്യാസ് ഫീൽഡ് അമേരിക്ക തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
ഖത്തറിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഇറാൻ ഇനിയും ഖത്തറിനെ ആക്രമിക്കാൻ മുതിർന്നാൽ, ലോകം ഇതുവരെ കാണാത്ത ശക്തിയോടെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ഞങ്ങൾ തകർക്കും’– ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഖത്തർ ഈ വിഷയത്തിൽ നിരപരാധിയാണെന്നും അവരെ ലക്ഷ്യം വയ്ക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷം ആഗോള ഇന്ധന വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഖത്തറിലെ റാസ് ലഫാൻ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം ആഗോള തലത്തിൽ പ്രകൃതിവാതക വില വർധിക്കാൻ കാരണമായിട്ടുണ്ട്.