Drishyam 3 Release: പോസ്റ്ററുമില്ല, പ്രോമോയുമില്ല! ജോർജുകുട്ടിയെ കുഴപ്പത്തിലാക്കി യുദ്ധം; വിഷുവിന് 'ദൃശ്യം 3' എത്തില്ലേ?
മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ദൃശ്യം 3 പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആദ്യ രണ്ട് ഭാഗ്യങ്ങളുടെയും വിജയമാണ് മൂന്നാം ഭാഗത്തിനായി കൈകോർക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ആദ്യ ഭാഗങ്ങളിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ ചിത്രത്തിലുമുണ്ടാകും. കൂടാതെ പുതിയ കഥാപാത്രങ്ങളെയും ഈ ചിത്രത്തിൽ കാണാനാകും. എങ്ങനെയാകും ജീത്തു ജോസഫ് ജോർജുകുട്ടിയെയും കുടുംബത്തെയും ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടാകുക എന്ന് കാണാൻ ഓരോ പ്രേക്ഷകനും കാത്തിരിക്കുകയാണ്.
ചിത്രം ഏപ്രിൽ 2ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ മാറ്റമുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിഷു റിലീസായി ചിത്രമെത്തുമെന്ന പ്രതീക്ഷയിലായിരുന്ന ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. റിലീസ് വൈകുമെന്ന തരത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം ഏപ്രിൽ 2ന് തിയേറ്ററുകളിലെത്തില്ല.
ഏപ്രിൽ 2ന് തന്നെ റിലീസ് ഉണ്ടായിരുന്നുവെങ്കിൽ ഇതിനോടകം സിനിമയുടെ അപ്ഡേഷനുകളും വരുമായിരുന്നു. എന്നാൽ ചിത്രവുമായി ബന്ധപ്പെട്ട് യാതൊരുവിധ അപ്ഡേറ്റുകളും ഇപ്പോൾ പുറത്തുവിടുന്നില്ല എന്നതും റിലീസ് വൈകുമെന്നതിന്റെ സൂചനയായാണ് പ്രേക്ഷകർ കാണുന്നത്. ഫെബ്രുവരി 23നാണ് ദൃശ്യം 3യുടെ പോസ്റ്റർ അവസാനമായി പുറത്തുവിട്ടത്. അതിന് ശേഷം ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും വന്നിട്ടില്ല എന്നതും പ്രേക്ഷകരിൽ സംശയമുണർത്തുന്നു.
പശ്ചിമേഷ്യയിലെ യുദ്ധം സാഹചര്യം കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് നീട്ടുന്നതെന്നാണ് വിവരം.
സംഘർഷം മൂലം ജിസിസി രാജ്യങ്ങളിൽ നിലനിൽക്കുന്ന അനിശ്ചിതത്വ ചിത്രത്തിന്റെ റിലീസിനെയും കളക്ഷനെയുമൊക്കെ ബാധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മെയ് അല്ലെങ്കിൽ ജൂൺ മാസത്തിലാകും ചിത്രത്തിന്റെ റിലീസുണ്ടാവുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം...