കർണ്ണാടക ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിൽ സീറ്റിന് കോഴ? സീറ്റ് ഉറപ്പിക്കാൻ10 കോടി കേരള തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയെന്ന് ആക്ഷേപം
കർണ്ണാടക ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസിൽ സീറ്റിന് കോഴ എന്ന് ആരോപണം. ദേവാംഗരെ സൗത്ത് മണ്ഡലത്തിൽ സീറ്റ് ഉറപ്പിക്കാൻ 10 കോടി കേരള തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകി എന്നാണ് ആരോപണം. മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ ക്യാബിനറ്റ് മന്ത്രിയായ എസ്എസ് മല്ലികാർജുനയുടെ മകൻ സമർഥ മല്ലികാർജുനക്ക് സീറ്റ് ഉറപ്പിക്കാൻ വേണ്ടി 10 കോടി കെ സി വേണുഗോപാൽ ഉൾപ്പെട്ട നേതൃത്വത്തിന് നൽകിയെന്നാണ് ആരോപണം. കർണാടകയിലെ ദേവാംഗരെ മണ്ഡലത്തിൽ എം എൽ എ ആയ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് മണ്ഡലത്തിൽ സീറ്റ് നൽകിയത് ശിവശങ്കരപ്പയുടെ കൊച്ചുമകനും, നിലവിലെ ക്യാബിനറ്റ് മന്ത്രിയായ എസ്എസ് മല്ലികാർജുനയുടെ മകനുമായ സമർഥ മല്ലികാർജുനക്കാണ്.
80,000 ത്തോളം മുസ്ലിം വോട്ടുകളുള്ള മണ്ഡലത്തിൽ മുസ്ലിം സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ശക്തമാണ്. ഇത്തവണ മുസ്ലിം സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അത് തള്ളിയാണ് സ്ഥാനാർഥി ചർച്ചകൾക്ക് നേതൃത്വം നൽകിയ കെസി വേണുഗോപാൽ സമർഥക്ക് സീറ്റ് നൽകിയത്. ദേവാംഗരെ മണ്ഡലത്തിൽ മല്ലികാർജുനയുടെ കുടുംബവാഴ്ച്ച അവസാനിപ്പിക്കണമെന്നും ആവശ്യം ശക്തമാണ്. മല്ലികാർജുനയുടെ ഭാര്യ പ്രഭ മല്ലികാർജുനയാണ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ പ്രതിനിധി. പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിന് മുന്നേ തന്നെ സമർദ് നാമനിദേശ പത്രിക നൽകി.ഇതിന് പിന്നാലെയാണ് പാർട്ടി പ്രഖ്യാപനം ഉണ്ടായത്. ഇതോടെയാണ് സമർദ് മല്ലികാർജുനക്ക് സീറ്റ് ഉറപ്പിക്കാൻ നേതൃത്വത്തിന് 10 കോടി രൂപ നൽകിയെന്ന ആക്ഷേപം ഉയർന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് പണം നൽകിയെന്നാണ് ആരോപണം.