ട്രംപ് അയഞ്ഞോ? ചർച്ചയിൽ പുരോഗമനം; ഇറാനിൽ താത്കാലിക വെടിനിർത്തൽ
ചർച്ചയുടെ ഫലമായി പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിന് താത്കാലികമായി അറുതി. ഇറാനിൽ അഞ്ച് ദിവസത്തേക്കാണ് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനും അമേരിക്കയുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് അമേരിക്കൻ പ്രസിഡന്റ് അടിയറവ് പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനായി ഇരു രാജ്യങ്ങളും തമ്മിൽ ആശയ വിനിമയം നടത്തിയതായി ട്രംപ് അറിയിച്ചത്. ഒപ്പം തന്നെ ഊർജ്ജ കേന്ദ്രങ്ങളും ആക്രമിക്കില്ല എന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഹോർമൂസ് തുറന്നില്ലെങ്കിൽ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് നേരത്തെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. അത്തരം നടപടികളിലേക്ക് കടന്നാൽ ഇസ്രായേലിന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടത്തുമെന്ന് ഇറാനും ശക്തമായ മരുപടി നൽകിയിരുന്നു.
താത്കാലികമായ വെടിനിർത്തലാണെങ്കിൽ കൂടിയും പശ്ചിമേഷ്യൻ രാജ്യങ്ങളെ സംബന്ധിച്ച് ഈ തീരുമാനം ഏറെ ആശ്വാസം നൽകുന്നതാണ്. യുദ്ധത്തിനെത്തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചിട്ടത് ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങളിൽ പാചക വാതക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.