കൊൽക്കത്തയ്ക്ക് തിരിച്ചടി! 25 കോടിക്ക് വാങ്ങിയ ഓൾറൗണ്ടർ ബൗൾ ചെയ്യില്ല
ബൗളർമാരുടെ പരിക്ക് മൂലം നട്ടം തിരിയുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു മറ്റൊരു തിരിച്ചടി കൂടി. ടീമിന്റെ ഓൾ റൗണ്ടറും ഓസ്‌ട്രേലിയൻ താരവുമായ കാമറൂൺ ഗ്രീനിന് രണ്ടാഴ്ചയോളം ഐപിഎല്ലിൽ ബൗൾ ചെയ്യാൻ കഴിയില്ല. കാമറൂൺ ഗ്രീനിന്റെ പരിക്കിനെ പറ്റിയുള്ള അഭ്യൂഹങ്ങൾക്കിടെയാണ് 10-12 ദിവസത്തേക്ക് അദ്ദേഹം ബൗൾ ചെയ്യില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയത്. ഇന്നലെ നടന്ന ഐപിഎൽ സീസണിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉദ്ഘാടന മത്സരത്തിൽ മുംബൈക്കെതിരെ മൂന്നാമനായി ബാറ്റിങ്ങിനിറങ്ങിയ താരം പക്ഷെ ബൗൾ ചെയ്തില്ല. ഇതിനിടയിൽ ഗ്രീൻ എന്തുകൊണ്ട് ബൗൾചെയ്തില്ല എന്ന ചോദ്യത്തിന് കൊൽക്കത്ത നായകൻ രഹാനെ “ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ചോദിക്കുക” എന്ന് പറഞ്ഞത് വാർത്തയായിരുന്നു.
നേരത്തെ 25.20 കോടി രൂപയ്ക്ക് കൊൽക്കത്ത ലേലത്തിൽ വാങ്ങിയ ഓൾ റൗണ്ടർ ബൗൾ ചെയ്യില്ലെന്ന വാർത്ത വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഓൾറൗണ്ടർമാരായി ടീമിലെത്തുന്ന താരങ്ങൾക്കു നാലോവറുകൾ പോലും തികച്ചെറിയാൻ സാധിക്കുന്നില്ലെങ്കിൽ അവരുടെ ശമ്പളത്തിൽ നിന്നും രണ്ടു കോടി രൂപ വരെ കുറയ്ക്കാൻ ഫ്രാഞ്ചൈസികൾ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ അഭിപ്രായപെട്ടിരുന്നു.