‘എങ്ങനെ കാര്യങ്ങൾ വക്രീകരിക്കാം എന്നതാണ് ഇന്നലെ കണ്ടത്; എന്റെ മുന്നിൽ വന്ന ചോദ്യങ്ങൾക്കാണ് മറുപടി പറഞ്ഞത്’; മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി
കൊല്ലത്തെ വാർത്താസമ്മേളനത്തിലുണ്ടായ കാര്യങ്ങളിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരുമായി ആദ്യമായി സംവദിക്കുന്ന ആളല്ല താനെന്നും എന്നാൽ മുൻപ് ചെലവഴിച്ചിരുന്ന അത്രയും സമയം ഇപ്പോൾ നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി വാർത്താ സമ്മേളനത്തിന്റെ ആമുഖം 15 മുതൽ 20 മിനിറ്റുവരെയാണ് നീളാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഇത് 30 മിനിറ്റോളം എടുത്തു. വാർത്താ സമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ ചോദിക്കുന്ന ചോദ്യങ്ങൾ മനസ്സിലാക്കി മറുപടി പറയുന്നതാണ് തന്റെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ മറുപടി ആവശ്യമായ രണ്ടോ മൂന്നോ ചോദ്യങ്ങൾ വന്നതോടെ സമയം 40 മിനിറ്റ് പിന്നിട്ട സാഹചര്യത്തിലാണ് വാർത്താ സമ്മേളനം അവസാനിപ്പിച്ചത്.
കുറച്ചു ദിവസങ്ങളായി ചിലർ ബോധപൂർവം ബഹളമുണ്ടാക്കാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ചാനലുകൾക്കും പത്രങ്ങൾക്കും മാത്രമേ മറുപടി നൽകുന്നുള്ളൂ എന്നാരോപിച്ച് ചിലർ നടത്തിയ പ്രകടനം കാരണമാണ് താൻ തിരികെ വന്ന് മറുപടി നൽകിയത്. തന്റെ മുന്നിൽ വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. മറ്റുള്ളവരുടെ മനസ്സിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ വക്രീകരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഇത് തനിക്ക് പുതിയൊരു അനുഭവമാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് ബോധപൂർവം ബഹളമുണ്ടാക്കി കാര്യങ്ങൾ മാറ്റാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.