കേരളത്തിലെ വികസനം ചർച്ചയാക്കാൻ പ്രതിപക്ഷത്തിന് ഭയം; മോദിയും രാഹുലും ‘നുണയന്ത്രങ്ങൾ’: ബൃന്ദാ കാരാട്ട്
എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമെന്ന് സി.പി.ഐ.എം മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട്. വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സർക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷവും ബി.ജെ.പിയും തയ്യാറാകുന്നില്ലെന്നും, പകരം ചർച്ചകൾ വഴിതിരിച്ചുവിടാനാണ് അവർ ശ്രമിക്കുന്നതെന്നും ബൃന്ദാ കാരാട്ട് ആരോപിച്ചു. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും നുണ നിർമ്മിക്കുന്ന യന്ത്രങ്ങളുമായാണ് നടക്കുന്നത്.
എൽ.ഡി.എഫ് ബി.ജെ.പിയുടെ ‘എ ടീം’ ആണെന്നാണ് മോദി പറയുന്നത്, എന്നാൽ അംബാനി, അദാനി, അമേരിക്ക എന്നിവരാണ് ബി.ജെ.പിയുടെ യഥാർത്ഥ ടീമുകളെന്ന് ജനങ്ങൾക്കറിയാമെന്നും അവർ പരിഹസിച്ചു.
പാലസ്തീൻ, ഗാസ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്കെതിരായ യുദ്ധങ്ങളിൽ മോദി മൗനം പാലിക്കുകയാണ്. അമേരിക്കയെ പ്രീണിപ്പിക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്റേതെന്നും, മോദിയുടെ വായുടെ താക്കോൽ ട്രംപിന്റെ കൈയ്യിലാണെന്നും ബൃന്ദാ കാരാട്ട് വിമർശിച്ചു. കേരളം എല്ലാ മേഖലകളിലും വികസിക്കുകയാണെന്ന നീതി ആയോഗ് റിപ്പോർട്ട് നരേന്ദ്ര മോദി ഒന്ന് കാണണമെന്നും അവർ ആവശ്യപ്പെട്ടു. കേരളത്തിലെ പൊതുമേഖല ഇന്ന് വികസനത്തിന്റെ നിറവിലാണെന്നും കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള വർഗീയ കലാപങ്ങളും ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ബി.ജെ.പി മനുസ്മൃതിയിൽ ഊന്നിയാണ് പ്രവർത്തിക്കുന്നതെന്ന് ബൃന്ദാ കാരാട്ട് ആരോപിച്ചു. വഖഫ് ഭേദഗതി, എഫ്.സി.ആർ.എ തുടങ്ങിയ നിയമങ്ങളിലൂടെ ന്യൂനപക്ഷങ്ങളെയും സന്നദ്ധ സംഘടനകളെയും തകർക്കാനാണ് അവർ ശ്രമിക്കുന്നത്. യു.ഡി.എഫും കോൺഗ്രസ് നേതാക്കളും ബി.ജെ.പിയെ സഹായിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിൽ വന്ന് അസംബന്ധം പറയുന്ന രാഹുൽ ഗാന്ധി മറ്റത്തൂരിലേക്ക് പോയി കോൺഗ്രസ് എങ്ങനെയാണ് ബി.ജെ.പിയായി മാറിയതെന്ന് പരിശോധിക്കണം. കോൺഗ്രസിന്റെ വോട്ട് നേടിയാണ് സുരേഷ് ഗോപി പാർലമെന്റിലെത്തിയത് എന്നും തിരുവനന്തപുരം കോർപ്പറേഷനിലും കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചതായും ബൃന്ദാ കാരാട്ട് ആരോപിച്ചു.