രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ സുരക്ഷിത യാത്ര സംവിധാനം പുനഃസ്ഥാപിച്ചു
മസ്‌കത്ത്∙ മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ കുട്ടികളുടെ സുരക്ഷിത യാത്ര സംവിധാനത്തിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനം പിൻവലിച്ച് മാനേജ്മെന്റ് കമ്മിറ്റി പുതിയ സർക്കുലർ പുറത്തിറക്കി. രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധത്തിനും ചർച്ചകൾക്കും ഒടുവിലാണ് മുൻ നിലപാട് തിരുത്തിയത്.
പുതിയ സർക്കുലർ പ്രകാരം സ്‌കൂളിന്റെ ഔദ്യോഗിക അംഗീകാരമുള്ള ട്രാൻസ്‌പോർട്ടർമാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. കുട്ടികളുടെ യാത്രയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സ്‌കൂൾ മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു. യാത്ര സംവിധാനം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി രക്ഷിതാക്കളെ ഉൾപ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും വ്യക്തമാക്കി.
വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി 2017 മുതൽ ‘മോണിറ്റേർഡ് സേഫ് ട്രാൻസ്‌പോർട്ട് സിസ്റ്റം’ എന്ന പദ്ധതിയാണ് നടപ്പിലാക്കിയത്. ഒമാനിൽ സ്‌കൂൾ ബസുകളുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങൾക്കുപിന്നാലെയാണ് ഇത് ആരംഭിച്ചത്. ഈ സംവിധാനമാണ് നിർത്തലാക്കുന്നതായി ഈ മാസം ആദ്യം മാനേജ്മെന്റ് പ്രഖ്യാപിച്ചത്. സുരക്ഷിത ഗതാഗതത്തിന്റെ ഉത്തരവാദിത്വം അധികഭാരമാണെന്നായിരുന്നു അവരുടെ നിലപാട്. ഇതിന് എതിരെ രക്ഷിതാക്കൾ പരാതി നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തു. ഫീസ് വർധനയും വേനൽ അവധി കുറച്ചതും പുനഃപരിശോധിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. തുടർന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടുമെന്ന് ദിനേശ് ബാബു, കെ.വി. വിജയൻ, സുഗതൻ, ബിനു കേശവൻ, റിയാസ്, സുബിൻ, ജാൻസ്, സുരേഷ്, അഭിലാഷ് എന്നിവർ അറിയിച്ചു.