ഡീസലിന് 25 രൂപ കൂട്ടി; പെട്രോളിന് 7.4 രൂപയുടെ വര്‍ധനവ്; നയാരയ്ക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് സ്വകാര്യ എണ്ണ വിതരണ കമ്പനിയായ ഷെല്‍ ഇന്ത്യ. പെട്രോളിന് 7.41 രൂപയാണ് ലിറ്ററിന് വര്‍ധിപ്പിച്ചത്. ഡീസലിന് 25.01 രൂപയുടെ വര്‍ധനയുണ്ട്. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തിലായി. രാജ്യാന്തര വില കുത്തനെ കൂടിയതോടെയാണ് നയാരയ്ക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും വില വര്‍ധിപ്പിച്ചത്.
വില വര്‍ധനയോടെ ബെംഗളൂരുവില്‍ 119.85 രൂപയാണ് പെട്രോള്‍ വില. പ്രീമിയം വിഭാഗത്തിന് 129.85 രൂപയിലെത്തി. സാധാരണ ഡീസലിന് 123.52 രൂപയും പ്രീമിയത്തിന് 133.52 രൂപയും നല്‍കണം. സംസ്ഥാനങ്ങളില്‍ പ്രാദേശിക നികുതി അനുസരിച്ച് വിലയില്‍ വ്യത്യാസം വരും. ബ്രിട്ടീഷ് ഓയില്‍ കമ്പനിയായ ഷെൽ പിഎൽസിയുടെ ഇന്ത്യന്‍ സബ്സിഡിയറിയാണ് ഷെൽ ഇന്ത്യ.
ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും രാജ്യത്തെ പൊതുമേഖലാ കമ്പനികൾ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ വില വര്‍ധനവില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ സ്വകാര്യ ഓയില്‍ റീട്ടെയില്‍ കമ്പനികള്‍ സമ്മർദ്ദത്തിലാണ്. ഇതിനു പിന്നാലെയാണ് രണ്ടു സ്വകാര്യ കമ്പനികള്‍ രാജ്യാന്തര വിലയിലെ വര്‍ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ തീരുമാനിച്ചത്.