ആദ്യം പതറിയെങ്കിലും പിന്നെ കസറി; ലഖ്നൗവിനെതിരെ ഡൽഹിക്ക് 6 വിക്കറ്റിന്റെ ജയം
ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 6 വിക്കറ്റിന്റെ ജയം. 17 പന്ത് ശേഷിക്കെ ഡൽഹി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. 142 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ആദ്യം അടിപതറുന്ന കാഴ്ചയാണ് കണ്ടത്. കളിയിലെ ആദ്യ ബൗളിൽ തന്നെ മുഹമ്മദ് ഷമി കെഎൽ രാഹുലിന്റെ വിക്കറ്റെടുത്തത് ഡിസിയെ പ്രതിരോധത്തിലാക്കി. സമീർ റിസ്വി - ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരുടെ ഇന്നിംഗ്സാണ് ടീമിനെ വിജയിത്തിലേക്ക് എത്തിച്ചത്. സമീർ 47 പന്തിൽ 70 റൺസ് നേടി. ട്രിസ്റ്റൺ 32 പന്തിൽ 39 റൺസും നേടി പുറത്താകാതെ നിന്നു. ഇവരെ കൂടാതെ നിതീഷ് റാണ മാത്രമാണ് രണ്ടക്കം കടന്നത്. റാണ 17 പന്തിൽ 15 റൺസ് നേടി. പതും നിസങ്ക 5 പന്തിൽ 1 റൺ മാത്രം എടുത്ത് ക്രീസിൽ നിന്ന് മടങ്ങി. ക്യാപ്റ്റൻ അക്സർ പട്ടേൽ (0) പുറത്തായി.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് 141 റൺസ് മാത്രമാണ് എടുക്കാനായത്. 18.4 ഓവറിൽ ടീം ഓൾഔട്ടാകുകയായിരുന്നു. 25 പന്തിൽ 36 റൺസ് അബ്ദുൽ സമദാണ് ലഖ്നൗവിന്റെ ടോപ് സ്കോറർ. ഓപ്പണർ മിച്ചൽ മാര്‍ഷും 28 പന്തിൽ 35 റൺസ് നേടി. ക്യാപ്റ്റൻ ഋഷഭ് പന്തുൾപ്പടെ നാല് മുൻനിര ബാറ്റർമാരും തുടക്കത്തിൽ തന്നെ പുറത്താകുകയായിരുന്നു. ഇതോടെ ലഖ്നൗ ചെറിയ സ്കോറിലേക്ക് ഒതുങ്ങി.
ഋഷഭ് പന്ത് (ഏഴ്), എയ്ഡൻ മാർക്രം (11), ആയുഷ് ബദോനി (പൂജ്യം), നിക്കോളാസ് പുരാൻ (എട്ട്) എന്നിവർ അതിവേഗം പുറത്തായത് ലക്നൗവിന് വലിയ തിരിച്ചടിയായി. ടീം സ്കോർ 71ലേക്ക് എത്തുന്നതിനിടെ ലക്നൗവിന്റെ അഞ്ച് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. പവർപ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ടീം 48 റൺസ് നേടിയിരുന്നു. ഇതിന് ശേഷമായിരുന്നു കൂട്ടത്തകർച്ചയുണ്ടായത്. അബ്ദുൽ സമദ്, മിച്ചൽ മാർഷ് എന്നിവരെ കൂടാതെ മുകുൾ ചൗധരി (14), ഇംപാക്ട് പ്ലേയർ ഷഹബാസ് അഹമ്മദ് (15) എന്നിവർക്കും രണ്ടക്കം കടക്കാനായി. ഡൽഹിക്കായി ലുങ്കി എൻഗിഡി, ടി. നടരാജൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും നേടി.