ഇറാന്റെ തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങൾക്ക് സമീപം സൈനിക വിമാനങ്ങൾക്ക് ഇറങ്ങാൻ താൽക്കാലിക റൺവേകൾ നിർമിക്കുന്ന പദ്ധതി, പക്ഷേ ഈ പദ്ധതി ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീർണമായ സൈനിക നീക്കമായിട്ടാണ് പ്രതിരോധ വിദഗ്ദര്‍ കരുതിയത്
ഇറാന്റെ പക്കലുള്ള സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കാൻ സാഹസികമായ സൈനിക നീക്കത്തിന് അമേരിക്കൻ പ്രസിഡന്റ്ഡോണൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകള്‍. യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോൾ, ഇറാന്റെ ഭൂഗർഭ അറകളിൽ ഒളിപ്പിച്ചിരിക്കുന്ന ആണവവസ്തുക്കൾ കൈക്കലാക്കാൻ വമ്പൻ ഖനന ഉപകരണങ്ങളും സൈനികരെയും വിമാനമാർഗം ഇറാന്റെ ഹൃദയഭാഗത്ത് എത്തിക്കുന്ന രീതിയിലാണ് ഈ രഹസ്യ പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വാഷിങ്ടൺ പോസ്റ്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പെന്റഗൺ കഴിഞ്ഞയാഴ്ചയാണ് ഈ പദ്ധതി പ്രസിഡന്റിന് മുന്നിൽ അവതരിപ്പിച്ചത്. ഇതിന്റെ പ്രധാന ഭാഗങ്ങൾ ഇവയാണ്: യുറേനിയം വേട്ട: ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം (ആണവായുധം നിർമിക്കാൻ ആവശ്യമായ നിലയ്ക്ക് തൊട്ടടുത്ത്) പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിനെ 'ന്യൂക്ലിയർ ഡസ്റ്റ്' എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.