'ഹോർമുസിൽ പൗരന്മാരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യ'; ബ്രിട്ടൻ വിളിച്ച ഉന്നതതല യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും യോഗം ആഹ്വാനം ചെയ്തു
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും ചർച്ച ചെയ്യാൻ ബ്രിട്ടൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് 60-ലധികം രാജ്യങ്ങൾ പങ്കെടുത്ത ഈ വെർച്വൽ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും യോഗം ആഹ്വാനം ചെയ്തു. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളിൽ പൗരന്മാരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്ന വിക്രം മിസ്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ നാവികരാണ് ഇതുവരെ ഹോർമുസ് മേഖലയിലുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഈ പ്രതിസന്ധി ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന കാര്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടൻ മുൻകൈ എടുത്ത് നടത്തിയ ഈ യോഗത്തിൽ നിന്ന് അമേരിക്ക വിട്ടുനിന്നത് ശ്രദ്ധേയമായി. ഇറാനെതിരെയുള്ള നീക്കങ്ങളിൽ ബ്രിട്ടൻ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന വിമർശനം അമേരിക്കയ്ക്കുണ്ട്. ഇതേത്തുടർന്നാണ് വാഷിംഗ്ടൺ ചർച്ചകളിൽ നിന്ന് മാറിനിന്നത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാനുൾപ്പെടെയുള്ള പ്രാദേശിക ശക്തികളുമായി ഇന്ത്യ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഇത്തരം നയതന്ത്ര ഇടപെടലുകൾ ഫലം കാണുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ ആറ് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഈ മേഖല കടന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.