ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം; എൽഡിഎഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കുന്നു എന്ന് പറയുന്നത് ശുദ്ധ അസംബന്ധം: എം എ ബേബി
കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണെന്നും തുടർഭരണത്തിന്റെ നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാകുമെന്നും സി പി ഐ എം ജനറൽ സെക്രട്ടറി എംഎ ബേബി. എൽഡിഎഫ് ബി ജെ പിയുമായി ഡീൽ ഉണ്ടാക്കുന്നു എന്ന് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ വരെ പറയുന്നു അത് ശുദ്ധ അസംബന്ധമാണെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. ആർ എസ് എസ് സൈദ്ധാന്തികൻ ഗോൾവാൾക്കർ മുഖ്യശത്രുവായി പറഞ്ഞത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഇതിനൊപ്പം ശത്രുക്കളെന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റുകളെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷം ബിജെപിയുമായി ഡീൽ ഉണ്ടാക്കി എന്ന് പറയുന്നവർ എറണാകുളത്ത് പഞ്ചായത്തിൽ ഒന്നിച്ചു ഭരിച്ച് കൊണ്ടിരിക്കുകയാണെന്നും എംഎ ബേബി പറഞ്ഞു. വികസന ചർച്ചകൾ ഒഴിവാക്കാനാണ് കോൺഗ്രസ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളി വിരുദ്ധ ലേബർ കോഡ് നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ച ഒരേയൊരു സംസ്ഥാനമേയുള്ളൂവെന്നും അത് കേരളമാണെന്നുംതൊട്ടടുത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ കർണാടകയിൽ ലേബർ കോഡുകൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്നും എം എ ബേബി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.