പോളിങ് എത്ര? 11 ദിവസമായിട്ടും അന്തിമ കണക്കില്ല,പുറത്തുവിട്ടത് ഏകദേശ കണക്കു മാത്രം; ദുരൂഹതയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് 11 ദിവസം കഴിഞ്ഞിട്ടും കേരളത്തിലെ പോളിങ് ശതമാനം നൽകാതെ തിരഞ്ഞെടുപ്പുകമ്മിഷൻ. മുൻ തിരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ അവസ്ഥ. വോട്ടുചെയ്തവരുടെ കണക്ക് ഇനിയും കമ്മിഷൻ നൽകിയിട്ടില്ല. 79.63 ശതമാനം എന്ന ഏകദേശ കണക്കാണ് ഒരാഴ്ചമുൻപ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ നൽകിയത്. സർവീസ് വോട്ട്, തിരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരുടെ വോട്ട് എന്നിവയുടെ കണക്ക് ഇനിയും അന്തിമമാക്കിയിട്ടില്ല. സംസ്ഥാനത്തെ കണക്കുകൾ കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷൻ അംഗീകരിച്ച ശേഷമേ പുറത്തുവിടൂ എന്നാണ് നിലവിലെ സ്ഥിതി. കൃത്യമായ വിവരങ്ങൾ വോട്ടെണ്ണിയശേഷം പുറത്തുവിടുമെന്നാണ് കമ്മിഷൻ പറയുന്നത്.
കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷപാർട്ടികളുടെ ആരോപണം. കമ്മിഷൻ പുറത്തുവിട്ട കണക്കുപ്രകാരം പതിനായിരത്തിലേറെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ടു ചെയ്യാനായിട്ടില്ല. ഈ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കണക്കുകൾ വൈകുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സിപിഎം നേതാവ് വി. ശിവൻകുട്ടിയും ആരോപിച്ചു. സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച കാലത്ത് കണക്കുകൾ ഇത്രയും ദിവസം വൈകിക്കുന്നത് വോട്ടിങ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വേണമെന്ന നിബന്ധനയും അസ്വാഭാവികമാണെന്ന് ഇവർ പറയുന്നു. പല മണ്ഡലങ്ങളിലും ഉയർന്ന പോളിങ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ, അന്തിമ കണക്കുകൾ പുറത്തുവരാത്തത് വോട്ടിങ്
കമ്മിഷന്റെ സൈറ്റിൽ തപാൽ വോട്ടപേക്ഷകളുടെ വിവരം അറിയാനാവുന്നില്ല
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിൽ നിരവധിപേർക്ക് തപാൽ വോട്ട് ചെയ്യാനായില്ലെന്ന പരാതിക്ക് പിറകെ തിരഞ്ഞെടുപ്പു കമ്മിഷൻ തപാൽ വോട്ട് കൈകാര്യംചെയ്തിരുന്ന സോഫ്റ്റ്‌വേർ ഇരുട്ടിലായി.
കഴിഞ്ഞ രണ്ടുദിവസമായി ഈ സോഫ്റ്റ്‌വേർ ലോഗിൻ ചെയ്യാനോ വിവരങ്ങൾ കാണാനോ ആകുന്നില്ല.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്‌ജോലിക്ക് നിയോഗിക്കപ്പെട്ടവരിൽ തപാൽവോട്ടിന് അപേക്ഷിച്ചവരുടെ വിവരങ്ങളെല്ലാം ജില്ലാ കേന്ദ്രങ്ങളിൽനിന്ന് അപ്‌ലോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന kerala.electone.in എന്ന സൈറ്റാണ് രണ്ടുദിസവമായി പ്രവർത്തനരഹിതമായത്.
കേരളത്തിലെ 140 മണ്ഡലങ്ങളിലെയും റിട്ടേണിങ് ഓഫീസർമാർ, ജില്ലാ കളക്ടർമാർ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർക്കെല്ലാമായാണ് സൈറ്റ് നിലവിൽവന്നത്. തിരഞ്ഞെടുപ്പിന്റെ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമൊപ്പം തപാൽവോട്ട് വിവരങ്ങളും ഇതിലാണ് സൂക്ഷിച്ചിരുന്നത്.