‘ജനനായകൻ’ അവസാനത്തേത് ആവില്ല ? വിജയ് ഒരു ചിത്രത്തിൽ കൂടി അഭിനയിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചന
ആരാധകർ ആവേശത്തോടെ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു ‘ജനനായകൻ’. രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തോടെ സിനിമാഭിനയം നിർത്തുന്നുവെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും അവസാന ചിത്രമെന്ന തരത്തിലുള്ള പ്രമോഷനുകളും എല്ലാം ‘ജനനായകൻ’ കാണാൻ ആളുകളെ കൂടുതൽ പ്രേരിപ്പിച്ചിരുന്നു. എന്നാൽ ഇനിയും ഒരു സിനിമയിൽ കൂടി താരം അഭിനയിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജനുവരിയിൽ പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം ഇതുവരെ റിലീസായിട്ടില്ല. പക്ഷേ ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് തന്നെ ലീക്കായിരുന്നു. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ പ്രധാന ഭാഗങ്ങൾ പല ഭാഗങ്ങളായി മുറിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സിനിമയുടെ ഇൻട്രോ സീനുകളും ക്ലൈമാക്‌സും ഉൾപ്പെടെയുള്ള നിർണ്ണായക രംഗങ്ങൾ ആയിരുന്നു പുറത്തുവന്നിരുന്നത്. ഇതിനെതിരെ ഇവർ നിയമനടപടിയും എടുത്തിരുന്നു. മെയ് പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ നീക്കം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
ഈ ചിത്രത്തിന്റെ പ്രദർശനം പൂർത്തിയാക്കി കളക്ഷൻ കണക്കുകൾ വിലയിരുത്തിയ ശേഷമേ പുതിയ സിനിമയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്നും സൂചനയുണ്ട്. മാത്രമല്ല, പുതിയ ചിത്രത്തിനുള്ള കഥകൾ പരിശോധിക്കാൻ വിജയ് നിർദേശിച്ചതായി നിർമാതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.