കുംഭമേള പെൺകുട്ടിയുടെ വിവാഹം: സിപിഎം നേതാക്കൾക്കെതിരായ ഹർജി മരവിപ്പിച്ചു
തിരുവനന്തപുരം: കുംഭമേള പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ സി.പി.എം നേതാക്കളെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്യണമെന്ന സ്വകാര്യഹർജിയിലെ നടപടികൾ കോടതി മരവിപ്പിച്ചു.
പെൺകുട്ടിയുടെ ഭർത്താവിനെതിരേ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത മധ്യപ്രദേശിലെ മഹേശ്വർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറോട് മേയ് 20-ന് റിപ്പോർട്ട് നൽകാനും തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു നിർദേശിച്ചു.
പോലീസ് റിപ്പോർട്ട് പരിഗണിച്ചാകും ഹർജിയിലെ തുടർനടപടി. പോലീസ് അന്വേഷണവും അതേ കാര്യത്തിൽ സ്വകാര്യഹർജിയും ഉണ്ടാകുമ്പോഴുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി, അരുമാനൂർ നയിനാർ ദേവക്ഷേത്രം പ്രസിഡന്റ് എൻ. ഹരീന്ദ്രൻ, സെക്രട്ടറി അജിത് കുമാർ, പെൺകുട്ടിയുടെ ഭർത്താവ് ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ ഖാൻ എന്നിവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് ഹർജി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേരിപ്പിച്ച് വിവാഹം നടത്തിയതിൽ ആരോപണവിധേയർക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാണ് നെയ്യാറ്റിൻകര നാഗരാജുവിന്റെ ഹർജിയിലെ ആവശ്യം. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട വരനും വധുവിനും ഹിന്ദു മതാചാരപ്രകാരം വിവാഹിതരാകാൻ കഴിയില്ലെന്ന വാദവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.