പിണറായി പ്രതിപക്ഷ നേതാവാകില്ല; വിഡി സതീശനും തെറിക്കും, ഫലം വന്നാല്‍ രാഷ്ട്രീയ ചിത്രം മാറും
കൊച്ചി: ഭരണത്തുടര്‍ച്ച അവകാശപ്പെടുകയാണ് ഇടതുപക്ഷം. ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിലെ ചര്‍ച്ച. ലോക്‌സഭയിലും തദ്ദേശത്തിലും കണ്ട മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍. എന്നാല്‍ കാര്യങ്ങള്‍ എത്ര എളുപ്പമല്ല എന്ന് ഇരുഭാഗത്തെയും ചില നേതാക്കള്‍ പറയുന്നു. എല്‍ഡിഎഫിന് വീണ്ടും അധികാരം ലഭിച്ചാല്‍ മറ്റു ചര്‍ച്ചകള്‍ക്ക് വഴിയില്ല. പിണറായി വിജയന്‍ തന്നെയാകും മുഖ്യമന്ത്രി.
യുഡിഎഫിനാണ് അധികാരം ലഭിക്കുന്നത് എങ്കില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കും. മുഖ്യമന്ത്രി കസേര നോട്ടമിട്ടവര്‍ നിരവധിയാണത്രെ. മുസ്ലിം ലീഗ് പരോക്ഷമായി വിഡി സതീശന്റെ പേര് പരാമര്‍ശിച്ചതോടെ അദ്ദേഹത്തിന് തന്നെയാണ് സാധ്യത കൂടുതല്‍. എങ്കിലും അടിവലികളും കാലുവാരലുമെല്ലാം പ്രതീക്ഷിക്കാം. ഒടുവില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഇടപെടലിന് ശേഷം സന്തോഷത്തോടെ ഒത്തുചേരലും. എന്നാല്‍ പ്രതിപക്ഷ നേതാവ് ആരാകുമെന്ന ചോദ്യവും ഇപ്പോള്‍ ഉയരുകയാണ്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകും പ്രതിപക്ഷ നേതാവ്. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുത്തേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ കെകെ ശൈലജ, പി രാജീവ്, കെഎന്‍ ബാലഗോപാല്‍ എന്നിവരില്‍ ആരെങ്കിലും എത്തും. കെകെ ശൈലജ പ്രതിപക്ഷ നേതാവായാല്‍ അതൊരു ചരിത്രമാകും.
കെകെ ശൈലജയും സണ്ണി ജോസഫും വാശിയേറിയ പോരാട്ടമാണ് പേരാവൂരില്‍ നടന്നത്. സണ്ണി ജോസഫ് തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലത്തില്‍ കെകെ ശൈലജയെ ഇറക്കിയ സിപിഎമ്മിന് പല ലക്ഷ്യവുമുണ്ടത്രെ. ഇവിടെ ശൈലജ ജയിക്കുകയും കേരള ഭരണം യുഡിഎഫിന് ലഭിക്കുകയും ചെയ്താല്‍ മാത്രമേ പ്രതിപക്ഷ നേതൃപദവി ശൈലജയിലേക്ക് എത്തുന്ന ചര്‍ച്ചയുള്ളൂ.