ഫോട്ടോയും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത് 'സൂക്ഷിച്ച്'; ഒമാനിൽ കർശന നടപടി!
മസ്‌കത്ത് ∙ സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ വഴി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും എതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം, വ്യക്തികളുടെയോ കുടുംബങ്ങളുടെയോ സ്വകാര്യതയെ ഹനിക്കുന്ന വാർത്തകൾ, ഫോട്ടോകൾ, റെക്കോർഡിങ് എന്നിവ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങൾ സത്യമാണെങ്കിലും, അത് മറ്റൊരാളുടെ സ്വകാര്യതയെ ബാധിക്കുന്നതാണെങ്കിൽ നിയമനടപടി ഉണ്ടാകും.
നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും, 1,000 റിയാൽ മുതൽ 5,000 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാം. ചില സാഹചര്യങ്ങളിൽ തടവും പിഴയും ഒരുമിച്ച് അനുഭവിക്കേണ്ടി വരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെക്കുറിച്ചും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സ്‌കൂൾ വിദ്യാഭ്യാസ നിയമത്തിലെ ആർട്ടിക്കിൾ 95 പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയോ വിദ്യാർഥികളെയോ സമൂഹക മാധ്യമങ്ങളിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ അപമാനിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവും 1,000 മുതൽ 3,000 റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണന്നും പ്രോസിക്യൂഷൻ അറിയിച്ചു.