Select Location
All Locations
State
Region
City / District
ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഗോവിന്ദന്‍ ഒഴിഞ്ഞുമാറിയത്. ഓരോ ചോദ്യത്തിനും കൃത്യമായി മറുപടി നല്‍കുന്ന ഗോവിന്ദന്‍ പക്ഷെ ഇന്നലെ 11-ാം മിനിറ്റില്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങി. പാര്‍ട്ടി സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാമെന്ന ഗോവിന്ദന്റെ പരാമര്‍ശം കൂടുതല്‍ വിവാദത്തില്‍. പരാജയം സംബന്ധിച്ച യോഗത്തിലെ വിലയിരുത്തലുകള്‍ വിശദീകരിക്കാന്‍ ഗോവിന്ദന്‍ തയാറായില്ല. എന്നാല്‍ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സമ്മതിച്ചെങ്കിലും ഇതിന് മുമ്പും ഇതില്‍ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ടെന്ന് കണക്ക് നിരത്തി ഗോവിന്ദന്‍ ന്യായീകരിച്ചു. പരാജയം വിശകലനം ചെയ്യുമ്പോള്‍ പാര്‍ട്ടി സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാമെന്നും ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി സഖാക്കളുടെ അഭിപ്രായം കേള്‍ക്കാനായി മെയ്, ജൂണ്‍ മാസങ്ങളില്‍ എല്ലാ ഘടകങ്ങളും വിളിച്ചുചേര്‍ക്കും. അതില്‍ സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാം. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തും. പരാജയ കാരണം കണ്ടെത്താന്‍ പാര്‍ട്ടി റിവ്യു നടത്തും. പാര്‍ട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടര്‍ നടപടി ആലോചിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തുമെന്ന പതിവ് പല്ലവിയും ആവര്‍ത്തിച്ചു. ഇടതുപക്ഷം തിരിച്ചുവരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാലക്കാട് ഡിസിക്ക് നേരെ പോലീസ് നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചോ എന്നതടക്കമുള്ള ചോദ്യത്തിനായില്ല എന്നായിരുന്നു മറുപടി. തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയാറാകാതെ ഹാളില്‍ നിന്ന് ഗോവിന്ദന്‍ ഇറങ്ങിപ്പോവുകയും ചെയ്തു.

അതേസമയം പാര്‍ട്ടി സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാമെന്ന ഗോവിന്ദന്റെ പരാമര്‍ശം പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യവിരുദ്ധത തുറന്നുകാട്ടിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നേതാക്കളുടെ ഏകാധിപത്യമാണെന്ന ആരോപണങ്ങള്‍ ഇതോടെ ശരിവയ്‌ക്കുകയാണ്. പിണറായി വിജയന്‍ പിടിമുറുക്കിയത് മുതല്‍ സിപിഎമ്മില്‍ ഏകാധിപത്യമാണെന്ന ആരോപണം ഉണ്ട്. ജി. സുധാകരനും വി. കുഞ്ഞുകൃഷ്ണനും ടി.കെ. ഗോവിന്ദനും ഉള്‍പ്പെടെ ഈ ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചാണ് പാര്‍ട്ടി വിട്ടു പുറത്തുപോയത്. പുതിയ പ്രസ്താവനയോടെ പാര്‍ട്ടിക്കുള്ളില്‍ ഇത്രയും നാള്‍ ജനാധിപത്യം ഇല്ലായിരുന്നു എന്ന് സമ്മതിക്കുക കൂടിയാണ് ഗോവിന്ദന്‍.


Janmabhumi 51 minutes ago
Home Flash News