അവകാശപോരാട്ടത്തിൽ ഷിംലയിലെ ശുചീകരണ തൊഴിലാളികൾ
തൊഴിലാളി വിരുദ്ധ നയങ്ങളാൽ സാധാരണക്കാരായ മനുഷ്യരുടെ ജീവതത്തെ ദുസഹമാക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അടിച്ചമർത്തപ്പെട്ട മനുഷ്യർ അനീതിക്കെതിരായ പോരാട്ടത്തിന്റെ പാതയിലാണ്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ഷിംല മുൻസിപ്പൽ കോർപ്പറേഷന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായുള്ള പോരാട്ടത്തിലാണ് ഇപ്പോൾ അവിടുത്തെ ശുചിത്വ തൊഴിലാളികൾ
നിലനിൽക്കുന്ന സേവന വേതന വ്യവസ്ഥകളെ ലംഘിച്ചു കൊണ്ട് നൂറുകണക്കിന് തൊഴിലാളികളുടെ അവകാശങ്ങളെ ഹനിച്ചതിന്റെ ഭാഗമായി സിഐടിയുവിന്റെ നേതൃത്വത്തിൽ പോരാട്ടത്തിന്റെ പാതയിലാണ് ഇപ്പോൾ ഷിംലയിലെ തൊഴിലാളികൾ. തൊഴിലാളികൾക്ക് ലഭിച്ചു വന്നിരുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിച്ചതും, 10 ശതമാനം വാർഷിക വേതന വർധനവ് നിർത്തലാക്കിയതും, അവധി ദിനങ്ങൾ റദ്ദാക്കാനുള്ള തീരുമാനത്തെയും എതിർത്താണ് തൊഴിലാളികൾ സമരരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.
2026 ഏപ്രിൽ 4 ന് നടന്ന വാർഷിക പൊതുയോഗതത്തിൽ, SEHB (Shimla Environment, Heritage and Beautification) ഏകപക്ഷീയമായി സ്വീകരിച്ച തീരുമാനത്തെയാണ് തൊഴിലാളികൾ ചോദ്യം ചെയ്തത്. തൊഴിലാളികളെ അറിയിക്കാതെ അവരുടെ പ്രതിനിധികളെ ഉൾപ്പെടുത്താതയുള്ള യോഗത്തിലായിരുന്നു തൊഴിലാളി വിരുദ്ധമായ നടപടികൾ കൈക്കൊണ്ടത്.
വാർഷിക വേതന വർധനവിന് പകരം തൊഴിലാളികൾക്ക് പ്രതിമാസം 700 രൂപ മുതൽ 1000 രൂപ വരെ നഷ്ടമാകുന്ന രീതിയിൽ വെറും 3% ഡിഎ (ഡിയർനെസ് അലവൻസ്) നൽകാനാണ് SEHB യുടെ തീരുമനം.
ഭരണകൂടത്തിന്റെ തൊഴിലാളി വിരുദ്ധ നീക്കത്തിനെതിരെ ശുചിത്വ തൊഴിലാളികൾ അണിനിരക്കുകയും തൊഴിലാളി വിരുദ്ധ നിലപാടുകൾ പിൻവലിച്ചില്ലെങ്കിൽ മെയ് 15 മുതൽ അനിശ്ചതകാല പണിമുടക്കിലേക്ക് കടക്കുമെന്നും തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്
തൊഴിലാളികളുടെ ജോലിഭാരം വർധിക്കുകയും എന്നാൽ കൂലിയിൽ സമാനമായ രീതിയിൽ വർധനവുണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവകാശമായ വാർഷിക വർധനവ് പോലും നൽകാതിരിക്കുന്നത് തൊഴിലാളികളോട് ചെയ്യുന്ന ക്രൂരതയാണെന്നാണ് തൊഴിലാളി സംഘടനാ നേതാക്കൾ വിഷയത്തോട് പ്രതികരിച്ചത്.
ജോലി സമയത്തേക്കാളധികം തൊഴിലെടുക്കേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുമ്പോൾ, തൊഴിൽ നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള ഭരണകൂടം ശുചിത്വ തൊഴിലാളികളെ ആസൂത്രിതമായി ചൂഷണം ചെയ്യുകയാണെന്നും തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഗ്രാറ്റുവിറ്റി നടപ്പാക്കുക, നിയമപരമായ അവധി വ്യവസ്ഥകൾ പുനഃസ്ഥാപിക്കുക, പ്രതിമാസ വേതനം കുറഞ്ഞത് 26,000 രൂപയാക്കുക, അപകടമുണ്ടായാൽ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കുക, , ഓവർടൈം വേതനം, ബോണസ് ആക്ട് പ്രകാരമുള്ള ബോണസ്, തുല്യ ജോലിക്ക് തുല്യ വേതനം, ഔട്ട്‌സോഴ്‌സിംഗ് സംവിധാനം നിർത്തലാക്കുക എന്നിങ്ങനെ 32 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരമുഖത്തേക്ക് എത്തുന്നത്.
രാജ്യത്തുടനീളമുള്ള ശുചിത്വ തൊഴിലാളികൾ, സ്കീം തൊഴിലാളികൾ, കരാർ തൊഴിലാളികൾ മുതലായ തൊഴിലാളി സമൂഹത്തോട് നടത്തുന്ന ചൂഷണത്തിന്റെ തുടർച്ചയാണ് ഷിംലയിലെ തൊഴിലാളികളും നേരിടുന്നത്. അതിനാൽ തന്നെ ഷിംലയിലെ തൊഴിലാളികളുടെ പോരാട്ടം വേതന വർധനവിനായുള്ള പോരാട്ടം മാത്രമല്ല രാജ്യത്തുടനീളമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ അന്തസ്സ്, നിയമപരമായ അവകാശങ്ങൾ, തൊഴിൽ സംരക്ഷണം, സാമൂഹിക നീതി എന്നിവയ്‌ക്കായുള്ള പോരാട്ടത്തിന്റെ തുടർച്ച കൂടിയാണ്.