വിമാനത്തിന് പകരം ഇനി സൂപ്പർഫാസ്റ്റ് ട്രെയിൻ; ബംഗളൂരു-മുംബയ് റൂട്ടിൽ പുതിയ സർവീസ്, ആശ്വാസമാകുന്നത് ഇക്കൂട്ടർക്ക്
ഏറെ നാളായി കാത്തിരുന്ന ബംഗളൂരു-മുംബയ് സൂപ്പർഫാസ്റ്റ് ട്രെയിൻ സർവീസ് ജൂൺ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. കർണാടകയുമായി ബന്ധപ്പെട്ട വിവിധ റെയിൽവേ വികസന പദ്ധതികളും കണക്റ്റിവിറ്റി ആവശ്യങ്ങളും സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് പ്രഖ്യാപനം. പുതിയ ട്രെയിൻ സർവീസ് ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രാലയം ഉറപ്പ് നൽകിയെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും മാറ്റുന്നതാണ് ലക്ഷ്യം.
പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ കർണാടകയിലെ പ്രധാന നഗരങ്ങളിലൂടെ സർവീസ് നടത്തുമെന്നാണ് വിവരം. തുംകുരു, ദാവണഗെരെ, ഹാവേരി, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി എന്നിവിടങ്ങളിലൂടെയാണ് ട്രെയിൻ സർവീസ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ഉത്തര-ദക്ഷിണ കർണാടകയ്ക്കിടയിലെ യാത്രയും മുംബയിലേക്കുള്ള നേരിട്ടുള്ള റെയിൽ ബന്ധവും കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
യാത്രക്കാർക്ക് വലിയ ആശ്വാസം ഇപ്പോൾ ബംഗളൂരു-മുംബയ് യാത്രയ്ക്കായി പലരും ദൈർഘ്യമേറിയ ട്രെയിൻ സർവീസുകളെയോ വിമാനയാത്രയെയോ ആശ്രയിക്കുന്ന സാഹചര്യത്തിലാണ്. ഈ അവസരത്തിലാണ് പുതിയ സർവീസ് എത്തുന്നത്. ബിസിനസ് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും സ്ഥിരം യാത്രക്കാർക്കും ഇത് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. വന്ദേഭാരത് സ്ലീപ്പർ സർവീസാക്കി ഉയർത്താൻ നീക്കം ഭാവിയിൽ പുതിയ ട്രെയിൻ സർവീസിനെ വന്ദേഭാരത് എക്സ്പ്രസ് സ്ലീപ്പർ സർവീസാക്കി മാറ്റുന്നതിനുള്ള നിർദേശത്തോടും റെയിൽവേ മന്ത്രി അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ടെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. ആധുനിക സ്ലീപ്പർ സൗകര്യങ്ങൾ, കൂടുതൽ യാത്രാസൗകര്യം, വേഗമേറിയ രാത്രിയാത്ര, മെച്ചപ്പെട്ട ഓൺബോർഡ് സൗകര്യങ്ങൾ തുടങ്ങിയവയാണ് യാത്രക്കാർക്കായി ഒരുക്കാൻ പോകുന്നത്. ചർച്ചയ്ക്കിടെ ഹുബള്ളി ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ നവീകരണ വിഷയം കൂടി പ്രഹ്ലാദ് ജോഷി ഉന്നയിച്ചിട്ടുണ്ട്. .