ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ വൻ മാറ്റം; റിസർവേഷൻ നിയമങ്ങൾ ഉടൻ മാറിയേക്കും
റെയില്‍വേ റിസര്‍വേഷന്‍ സംവിധാനത്തില്‍ വലിയ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. നാലു പതിറ്റാണ്ട് പഴക്കമുള്ള പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം മാറ്റി പകരം അത്യാധുനിക സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഓഗസ്റ്റ് മാസത്തോടെ പുതിയ സംവിധാനത്തിലേക്കുള്ള മാറ്റങ്ങള്‍ തുടങ്ങിവയ്ക്കാനാണ് റെയില്‍വേയുടെ ശ്രമം. റെയില്‍ഭവനില്‍ നടന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം(പിആര്‍എസ്) 1986ലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ നാലു ദശാബ്ദങ്ങള്‍ക്കിടെ പലമാറ്റങ്ങള്‍ക്കും പിആര്‍എസ് വിധേയമായിട്ടുണ്ട്. ഇതിനിടെ വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പിആര്‍എസ് സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും റെയില്‍വേക്ക് സാധിച്ചിരുന്നു. 2002ലാണ് ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍നെറ്റ് ടിക്കറ്റ് ബുക്കിങ് സേവനങ്ങള്‍ ആരംഭിക്കുന്നത്. നിലവില്‍ രാജ്യത്തെ ട്രെയിന്‍ ടിക്കറ്റുകളില്‍ 88 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യുന്നത്.
2025ല്‍ റെയില്‍വേയുടെ സേവനങ്ങളെ ഒരുകുടക്കീഴിലാക്കിക്കൊണ്ട് റെയില്‍വണ്‍ ആപ്പും പുറത്തിറക്കിയിരുന്നു. നിര്‍മിത ബുദ്ധിയുടെ കൂടി സഹായത്തിലാണ് റെയില്‍വണ്‍ ആപ്പ് പ്രവര്‍ത്തിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ടിക്കറ്റ് കണ്‍ഫേം ആവാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന വിവരം കൂടി റെയില്‍വണ്‍ ആപ്പ് നല്‍കുന്നു.
റെയില്‍വണ്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ഉറപ്പിക്കാനാവുമോ എന്ന കാര്യത്തിലുള്ള കൃത്യത 53 ശതമാനത്തില്‍ നിന്നും 94 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും റെയില്‍വേ അറിയിക്കുന്നുണ്ട്. ടിക്കറ്റ് ബുക്കിങിനു പുറമേ ടിക്കറ്റ് റദ്ദാക്കല്‍, റീഫണ്ട്, അണ്‍റിസര്‍വ്ഡ് ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്കും റെയില്‍വണ്‍ വെബ് ആപ്പിനെ ആശ്രയിക്കാനാവും. വെയിറ്റിങ് ലിസ്റ്റിന്റെ തത്സമയ വിവരങ്ങള്‍, ട്രെയിന്‍ സമയക്രമങ്ങള്‍, തല്‍സമയ ട്രെയിന്‍ വിവരങ്ങള്‍, പ്ലാറ്റ്‌ഫോം വിവരങ്ങള്‍, കോച്ച് പൊസിഷന്‍ എന്നിങ്ങനെയുള്ള നിര്‍ണായക വിവരങ്ങളും യാത്രികര്‍ക്ക് റെയില#വണ്‍ പ്ലാറ്റ്‌ഫോം വഴി ലഭിക്കും.
പ്രതിദിനം 9.29 ലക്ഷം ടിക്കറ്റുകളാണ് റെയില്‍ വണ്‍ ആപ്പ് വഴി ബുക്കു ചെയ്യുന്നത്. ഇതില്‍ 7.2 ലക്ഷം അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളും 2.09 ലക്ഷം റിസര്‍വ്ഡ് ടിക്കറ്റുകളുമാണ്. അണ്‍റിസര്‍വ്ഡ് ടിക്കറ്റില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റും ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ റെയില്‍വണ്‍ ആപ്പ് ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും 3.16 കോടി തവണയും ആപ്പിള്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും 33.17 ലക്ഷം തവണയും റെയില്‍വണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.