ഇറാനിയൻ സൈനിക-ചാര വിമാനങ്ങൾക്ക് പാകിസ്ഥാൻ സംരക്ഷണമൊരുക്കിയെന്ന് അമേരിക്ക; ആരോപണം തള്ളി ഇസ്‌ലാമാബാദ്
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന്റെ സൈനിക-നിരീക്ഷണ വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വ്യോമതാവളങ്ങളിൽ രഹസ്യമായി ഇടം നൽകിയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചു. അമേരിക്കൻ വ്യോമാക്രമണങ്ങളിൽ നിന്ന് ഇറാന്റെ വിമാനങ്ങളെ സംരക്ഷിക്കാനാണ് പാകിസ്ഥാൻ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസിലുള്ള വിമാനങ്ങൾക്ക് സൈനിക നീക്കങ്ങളുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ അറിയിച്ചു. വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ സംഘങ്ങളെയും എത്തിക്കാനാണ് ഇറാനിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള വിമാനങ്ങൾ എത്തിയത്. മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ പാകിസ്ഥാൻ പ്രതികരിച്ചു.
ഇറാൻ വ്യോമസേനയുടെ പക്കലുള്ള അതീവ രഹസ്യ സ്വഭാവമുള്ള ആർസി-130 നിരീക്ഷണ വിമാനങ്ങൾ പാകിസ്ഥാൻ സംരക്ഷിക്കുന്നുണ്ടെന്നാണ് അമേരിക്കയുടെ പ്രധാന ആരോപണം. 2025-ലെ ഓപ്പറേഷൻ സിന്ദൂർ സമയത്ത് കനത്ത നാശനഷ്ടങ്ങൾ നേരിട്ട എയർബേസാണ് നൂർ ഖാൻ. നഗരമധ്യത്തിലുള്ള ഈ ബേസിൽ വിമാനങ്ങൾ ഒളിപ്പിച്ചു വെക്കുക അസാധ്യമാണെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ വാദിക്കുന്നു.
അതേസമയം, സംഘർഷം രൂക്ഷമായതോടെ ഇറാൻ തങ്ങളുടെ യാത്രാ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്കും മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ മഹാൻ എയർ വിമാനം കാബൂൾ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്നതായി അഫ്ഗാൻ വ്യോമയാന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ ടിടിപി വിഷയത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് സുരക്ഷാ കാരണങ്ങളാൽ ഈ വിമാനം ഇറാൻ അതിർത്തിക്കടുത്തുള്ള ഹെറാത്തിലേക്ക് മാറ്റിയതായും വിവരമുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകൾ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് നിഷേധിച്ചു.
അമേരിക്കയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുമ്പോൾ തന്നെ ഇറാനെയും അവരുടെ സഖ്യകക്ഷിയായ ചൈനയെയും പിണക്കാതിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ ഈ സംഭവത്തോടെ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.