Select Location
All Locations
State
Region
City / District
അനിശ്ചിതത്വമൊഴിഞ്ഞു; എസ്എസ്എൽസി ഫലം വെള്ളിയാഴ്ച തന്നെ; പ്രഖ്യാപിക്കുക ഉദ്യോഗസ്ഥർ

അനിശ്ചിതത്വമൊഴിഞ്ഞു; എസ്എസ്എൽസി ഫലം വെള്ളിയാഴ്ച തന്നെ; പ്രഖ്യാപിക്കുക ഉദ്യോഗസ്ഥർ

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിലെ കാലതാമസം കാരണം അനിശ്ചിതത്വത്തിലായിരുന്ന എസ്എസ്എൽസി ഫലപ്രഖ്യാപനം ഈ വെള്ളിയാഴ്ച (മെയ് 15) തന്നെ നടക്കും. ഫലം വൈകുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ, പ്രഖ്യാപനത്തിനായുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഊർജ്ജിതമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നീളുന്നതിനാൽ നിലവിൽ സംസ്ഥാനത്ത് മന്ത്രിസഭ നിലവിലില്ല. സാധാരണഗതിയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ മന്ത്രിയില്ലാത്ത സാഹചര്യത്തിൽ, ചീഫ് സെക്രട്ടറിയുടെയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ നേതൃത്വത്തിലാകും ഫലം പുറത്തുവിടുക. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹനായിരുന്നു ഫലം പ്രഖ്യാപിച്ചത്. സമാനമായ രീതിയാകും ഇത്തവണയും പിന്തുടരുക.

മൂല്യനിർണ്ണയവും ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള സാങ്കേതിക നടപടികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലം അന്തിമമായി വിലയിരുത്തും. ഇതിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുടെ അനുവാദം വാങ്ങുന്നതോടെ പ്രഖ്യാപനത്തിനുള്ള ഔദ്യോഗിക പച്ചക്കൊടി ലഭിക്കും. മെയ് 15-നകം ഫലം പ്രസിദ്ധീകരിക്കുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഈ തീയതിയിൽ മാറ്റമുണ്ടാകരുതെന്നും ഫലം വൈകുന്നത് ഹയർ സെക്കൻഡറി പ്രവേശന നടപടികളെ ബാധിക്കുമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ രൂപീകരണം കാത്തുനിൽക്കാതെ ഫലം പ്രഖ്യാപിക്കാൻ ഉദ്യോഗസ്ഥതലത്തിൽ തീരുമാനമായത്.


Manorama News 1 hour ago
Home Flash News