വനവാസത്തിന് വിടാതെ ജനങ്ങൾ നെഞ്ചേറ്റിയ സതീശൻ ശൈലി; ഇത് പോരാടി നേടിയ മുഖ്യമന്ത്രി കസേര
ശശി തരൂര്‍ ആണ് പറഞ്ഞത് 'I am the most successful loser in the history of Congress'. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ താല്‍പര്യത്തിനു വിരുദ്ധമായി പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ചിട്ടും വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമാക്കിയതില്‍ അദ്ഭുതപ്പെട്ടാണ് ഏറ്റവും വിജയിയായ പരാജിതന്‍ എന്ന് തരൂര്‍ സ്വയം വിശേഷിപ്പിച്ചത്. കപ്പിനും ചുണ്ടിനും ഇടയില്‍നിന്ന് മുമ്പ് വഴുതിപ്പോയ പദവികളെയൊക്കെ മറന്ന് ചാംപ്യന്‍കപ്പ് ഉയര്‍ത്തിക്കാട്ടി വി.ഡി.സതീശന് ഇനി പറയാം,തരൂരല്ല, താനാണ് 'the most successful loser' എന്ന്. ജനഗണമനസിന്‍റെ അധിനായകത്വം സാമ്രാജ്യത്തിലെ ഒരു നിഷ്കാസിത സന്തതിക്കു കൈവരുന്നതുപോലെ ടീം യുഡിഎഫിന്‍റെ ക്യാപ്റ്റനും പ്ലേമേക്കറുമായ സതീശന്‍ അര്‍ഹിക്കുന്ന കപ്പ്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ വിജയം തന്നെ സാധ്യമല്ലെന്ന് കരുതിയിടത്തുനിന്ന് തിളക്കമാര്‍ന്ന വിജയം യുഡിഎഫിന് ഇല്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന് പ്രഖ്യാപിച്ചൊരു നേതാവിനു തിളക്കം കൂട്ടുന്ന 102 സീറ്റ് വിജയത്തിലും തിളച്ച ചില മനസുകളെ വനവാസത്തിനു വിട്ടാണ് ആ നേതാവ് കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുന്നത്.
2021ല്‍ പ്രതിപക്ഷനേതാവ് സ്ഥാനത്ത് മാറ്റം നിര്‍ദേശിച്ച് ആ സ്ഥാനത്തേക്ക് സതീശനെ കൊണ്ടുവന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് ആദ്യം മാറ്റത്തിനുവേണ്ടി വോട്ടു ചെയ്തത്. പ്രതിപക്ഷ നേതൃപദവി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച ഒറ്റമൂലി ആയിരുന്നു. അതുവരെ ചിത്രത്തില്‍ ഇല്ലാതിരുന്ന സതീശന്‍ അങ്ങനെ കേരളം കണ്ട ഉശിരുള്ള പ്രതിപക്ഷനേതാക്കന്മാരില്‍ ഒരാളായി. സോണിയയുടെ വിശ്വാസനിക്ഷേപമായിരുന്നു അത്. അത് ഇരട്ടിപ്പിച്ചു തിരിച്ചുകൊടുക്കയാണിപ്പോള്‍ സതീശന്‍റെ നേതൃത്വത്തില്‍ ടീം യു.ഡി.എഫ്. സോണിയാഗാന്ധിയോട് സതീശന് സ്നേഹബഹുമാനങ്ങള്‍ക്കപ്പുറം തികഞ്ഞ ഭക്തിയാണ്. സോണിയയെ കണ്ടിറങ്ങുമ്പോള്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴത്തെ ശാന്തി മനസ്സില്‍ നിറയുന്നുവെന്ന് സതീശന്‍ പറഞ്ഞത് ഓര്‍ക്കുന്നു.