കർണാടകയിൽ വീണ്ടും ‘മുഖ്യമന്ത്രി’ പോര്; ഡി.കെ.ക്കായി പോസ്റ്ററുകൾ; സിദ്ധരാമയ്യ ക്യാമ്പിലും ചലനങ്ങൾ
ബെംഗലൂരു: കർണാടകയിൽ സിദ്ധരാമയ്യ സർക്കാരിന്റെ മൂന്നാം വാർഷികം അടുത്തിരിക്കെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാരത്തർക്കം വീണ്ടും തെരുവിലേക്ക്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് (മേയ് 15) ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘അടുത്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ’ എന്നെഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങൾക് വീണ്ടും തുടക്കമായത്. 2023-ൽ സർക്കാർ രൂപീകരണ വേളയിൽ ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാർ പ്രകാരം, ഭരണത്തിന്റെ പകുതി കാലാവധി കഴിയുമ്പോൾ ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറണമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പല എം.എൽ.എമാരും പരസ്യമായി രംഗത്തെത്തിയത് സിദ്ധരാമയ്യ ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി കസേരയിൽ അനിശ്ചിതത്വമില്ലെന്നും സിദ്ധരാമയ്യ തന്നെ അഞ്ച് വർഷം പൂർത്തിയാക്കുമെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്. സിദ്ധരാമയ്യ സർക്കാർ സുരക്ഷിതമാണെന്നും ‘കസേരയ്ക്ക് ഇളക്കമില്ലെന്നും’ ഡി.കെ. ശിവകുമാർ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിലും, അണിയറയിൽ ചർച്ചകൾ സജീവമാണ്. നിലവിൽ കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തിരക്കിലായ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കർണാടകയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അധികാരമാറ്റത്തെക്കുറിച്ച് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും താൻ അനുസരിക്കുമെന്ന് ഡി.കെ. ശിവകുമാർ ആവർത്തിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ അനുയായികൾ നടത്തുന്ന ഈ പോസ്റ്റർ ക്യാമ്പയിൻ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ചെലുത്താനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഭരണം സുഗമമായി മുന്നോട്ട് പോകാൻ സിദ്ധരാമയ്യ തുടരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുമ്പോൾ, മൂന്ന് വർഷത്തോളമായിട്ടും മന്ത്രിസഭാ പുനഃസംഘടനയോ അധികാരമാറ്റമോ നടക്കാത്തതിൽ മറ്റൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പാർട്ടിയിൽ ഐക്യം നിലനിർത്തുക എന്നത് കോൺഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്. ഹൈക്കമാൻഡിന്റെ ഇടപെടൽ ഉടൻ ഉണ്ടാകുമെന്നും മന്ത്രിസഭയിൽ അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കർണാടകയിലെ ഈ രാഷ്ട്രീയ വടംവലി അയൽ സംസ്ഥാനമായ കേരളത്തിലെ ഭരണമാറ്റ ചർച്ചകളെയും സ്വാധീനിക്കുന്നുണ്ട്.