അടിയന്തര ഇടപെടലുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍; പിഎംഎംഎസ്‌വൈ; 4.75 കോടി അനുവദിച്ചു, ഒരു കോടി കൈമാറി
ന്യൂദല്‍ഹി: പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പിഎംഎംഎസ്‌വൈ) പദ്ധതിയിലെ ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യാന്‍ അടിയന്തരമായി ഇടപെട്ട് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിന് ആവശ്യമായ 4.75 കോടി രൂപ അനുവദിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും അതില്‍ ഒരു കോടി രൂപ ഉടന്‍ കൈമാറുകയും ചെയ്തു. പദ്ധതിയിലെ കേരളത്തിലെ ജീവനക്കാര്‍ക്ക് ഏഴ് മാസമായി ശമ്പളം ലഭിക്കാത്തതുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ ഇടപെടലുണ്ടായത്. അനുവദിച്ച പണം ഭരണപരമായ ചെലവുകള്‍ക്കായി നേരിട്ട് വിനിയോഗിക്കാം. സംസ്ഥാന പ്രോഗ്രാം യൂണിറ്റുകളുടെയും ജില്ല പ്രോഗ്രാം യൂണിറ്റുകളുടെയും പ്രവര്‍ത്തനസജ്ജീകരണങ്ങളും ദൈനംദിന മാനേജ്മെന്റും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് ഉടനീളം സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ മത്സ്യബന്ധന വികസനത്തിലൂടെ നീല വിപ്ലവം സൃഷ്ടിക്കുന്നതിന് ഈ ഘടനാപരമായ യൂണിറ്റുകള്‍ നിര്‍ണായകമാണ്.