Select Location
All Locations
State
Region
City / District
തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഏറെ ഉയര്‍ന്നുകേട്ട മുദ്രാവാക്യമാണ് ‘തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല’ എന്നത്. ബംഗാളും ത്രിപുരയും നേരത്തെ തന്നെ അത് മാറ്റി വിളിച്ചു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു കേരളത്തിലും. ഇന്നത്തെ പരാജയം ദയനീയമായിരുന്നു. ചരിത്രം സൃഷ്ടിച്ച തോല്‍വി. മാത്രമല്ല ‘ഈ പരിപ്പ് ഈ വെള്ളത്തില്‍ വേവില്ല മോനേ’ എന്ന മുദ്രാവാക്യം ആഴത്തില്‍ വിളിച്ചിരുന്നു, അതും നിലച്ചു. മണിച്ചിത്രത്താഴിട്ട് പൂട്ടിയ ബിജെപി ആ താഴ് തകര്‍ത്തു വിജയക്കൊടി നാട്ടുകയും ചെയ്തു. ഒടുവില്‍, സിപിഎം വിളിച്ച മുദ്രാവാക്യം ആവര്‍ത്തിച്ച മമതയേയും തിരുത്തി, ഇടതു മുന്നണിയേയും തിരുത്തി. തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റിട്ടില്ലെന്നും രാജിവയ്‌ക്കില്ലെന്നും മമത ആവര്‍ത്തിച്ചു. ബിജെപി ജനവിധി കവര്‍ന്നെടുക്കുകയായിരുന്നെന്നും മമത കുറ്റപ്പെടുത്തി. ”ഞാന്‍ തോറ്റിട്ടില്ല. ലോക്ഭവനിലേക്ക് പോകില്ല. രാജി സമര്‍പ്പിക്കില്ല. പോളിങ് സ്റ്റേഷനില്‍ ഞാന്‍ ആക്രമിക്കപ്പെട്ടു. സ്ത്രീയെന്ന നിലയില്‍ എനിക്ക് നേരെ മോശം പെരുമാറ്റമുണ്ടായി. വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് എന്നെ പുറത്താക്കി. സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു” എന്നൊക്കെ ആരോപിച്ചു.

അതൊക്കെ തിരുത്തി തന്റെ യഥാര്‍ഥ എതിരാളി ബിജെപിയല്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മമത ആരോപിച്ചു. ബംഗാള്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണു തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ മമത വിമര്‍ശനം ഉന്നയിച്ചത്. ബംഗാളില്‍ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഒന്നര പതിറ്റാണ്ടായുള്ള തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിച്ച്, ബിജെപി ബംഗാള്‍ പിടിച്ചെടുത്തു. സ്വന്തം മണ്ഡലമായ ഭവാനിപുരില്‍ 15114 വോട്ടിന് ബിജെപിയിലെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ഗവര്‍ണര്‍ക്കു നല്‍കില്ലെന്ന തീരുമാനത്തിലൂടെ ഒരു ഷീറ്റ് കടലാസ് ലാഭിക്കാന്‍ ശ്രമിച്ച മമതയ്‌ക്ക് അതിനും വഴിയില്ലാതായി. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുന്ന തീരുമാനമെടുത്ത് ഒച്ചവച്ചതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. മുന്നിലുള്ളത് കുറുന്തോട്ടിയാണെന്നും അത് കീറാനെന്തിന് കോടാലി എന്നും ചിന്തിച്ചു കാണും. എല്ലാം പാഴായി ഇപ്പോള്‍ കോടതിയില്‍ അഭയം തേടിയിരിക്കുന്നു. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതാകും അവസ്ഥ. നേരിയ പ്രതീക്ഷ ഉണ്ടാകണമെങ്കില്‍ ഹരിയാനയിലെ ഒടുവിലത്തെ ഫലം നോക്കണമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായപ്പോള്‍ വോട്ട് ചോരി എന്നായിരുന്നു മുറവിളി. അത് കെട്ടടങ്ങി. കോര്‍പ്പറേഷന്‍ ഫലം വന്നപ്പോള്‍ അതാവര്‍ത്തിച്ചു. കേരളത്തില്‍ ഫലം അനുകൂലമായപ്പോള്‍ വോട്ടുചോരി ആക്ഷേപം അടച്ചുവച്ചു. ബംഗാളിലും അതാവര്‍ത്തിച്ചതാണ്.

പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്‌ക്കുള്ള നടപടികളിലേക്ക് ഗവര്‍ണര്‍ ആര്‍.എന്‍.രവി കടന്നപ്പോള്‍ എല്ലാം മടക്കി വച്ചു. തമിഴ്‌നാട്ടില്‍ ഗവര്‍ണറായിരുന്ന ആര്‍.എന്‍. രവിയെന്ന ഐപിഎസ്സുകാരനെ തെരഞ്ഞെടുപ്പുകാലത്ത് കൊല്‍ക്കത്തയിലെ ലോക്ഭവനിലേക്കു വിട്ടതുതന്നെ തെരഞ്ഞെടുപ്പിനു ശേഷമുള്ള സവിശേഷ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടിയാണ്. ബിജെപിയുടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതു നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്‍ക്കത്തയിലുണ്ടായി. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാത്ത മമത മുഖ്യമന്ത്രിയുടെ ഓഫീസില്‍ തുടരാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ സാഹചര്യത്തിന് കുറച്ചുകൂടി നാടകീയത വന്നേനെ. എന്നാല്‍, അത്തരമൊരു നീക്കത്തിന് മമത മുതിര്‍ന്നില്ലെന്നുമാത്രമല്ല, അക്രമങ്ങളുടെ കെട്ടഴിച്ചുവിതകടുകയും ചെയ്തു. അതും അടിച്ചമര്‍ത്തപ്പെട്ടു. 5 നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ ഫലം ദേശീയ പ്രതിപക്ഷത്തിന്റെ ശബ്ദം ദുര്‍ബലമാക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. മമതയ്‌ക്കു പുറമേ, എം.കെ.സ്റ്റാലിനും പിണറായി വിജയനും നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ പതനംതന്നെ കാരണം. എന്നാല്‍, പ്രതിപക്ഷ ഐക്യം ബലപ്പെടുന്നതിനുള്ള വഴിത്തിരിവുണ്ടാക്കുന്നതായില്ല ഫലം. തൃണമൂലിന്റെ പതനത്തില്‍ തന്റെ പാര്‍ട്ടിക്കാര്‍ ആഹ്ലാദിക്കുന്നത് പരസ്യമായി വിമര്‍ശിച്ച് പ്രതിപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും നേതാവ് രാഹുല്‍ രംഗത്തെത്തിയതുതന്നെ അതിനു തെളിവാണ്. രാഹുലിനു പുറമേ സോണിയ, ഉദ്ധവ് താക്കറെ, അരവിന്ദ് കേജ്രിവാള്‍, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഹേമന്ത് സോറന്‍ തുടങ്ങിയവര്‍ തന്നെ വിളിച്ചെന്നും ഐക്യം ശക്തമാകുന്നുവെന്നും മമത പ്രഖ്യാപിച്ചെങ്കിലും അതു ഫലവത്തായില്ല. ഇവരുടെയൊക്കെ കോലം നന്നായി എന്നുവച്ച് ശീലം നന്നാവണമെന്നില്ലല്ലോ.


Janmabhumi 59 minutes ago
Home Flash News