സൗജന്യ യാത്രാ പ്രഖ്യാപനം സ്വകാര്യ ബസ് മേഖലയെ തകർക്കും; എതിര്‍പ്പുമായി ബസുടമകൾ
പാലക്കാട്: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ആശങ്കയും പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ രംഗത്ത്. സർക്കാർ ഈ തീരുമാനവുമായി മുന്നോട്ട് പോയാൽ സ്വകാര്യ ബസുകളെ ആശ്രയിക്കാൻ ആളില്ലാതാകുമെന്നും ഇത് പൊതുഗതാഗത സംവിധാനത്തെയാകെ തകർക്കുമെന്നും ബസുടമകൾ ആരോപിക്കുന്നു. ഈ വിഷയത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ എത്രയും വേഗം പുതിയ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിട്ട് ബോധിപ്പിക്കാനാണ് അസോസിയേഷന്റെ തീരുമാനം.
അനുകൂലമായ ഒരു ബദൽ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പാലക്കാട്ട് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സ്ത്രീകൾക്ക് പൂർണ്ണമായി സൗജന്യ യാത്ര അനുവദിക്കുന്നതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാകുമെന്നാണ് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. സൗജന്യ നിരക്കിലുള്ള വിദ്യാർത്ഥികൾ മാത്രമായി സ്വകാര്യ ബസുകളിലെ യാത്ര ചുരുങ്ങുമെന്നും അതോടെ ഈ തൊഴിൽ മേഖല തന്നെ പൂർണ്ണമായി ഇല്ലാതായിപ്പോകുമെന്നും ബസ് ഉടമയായ ടി. ഗോപിനാഥൻ പറഞ്ഞു. പൊതുഗതാഗത സംവിധാനത്തെ അപ്പാടെ തകർക്കുന്ന തരത്തിലുള്ള കടുത്ത തീരുമാനങ്ങളുമായി പുതിയ സർക്കാർ മുന്നോട്ടുപോവില്ല എന്നാണ് വിശ്വസിക്കുന്നത്. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് വ്യവസായത്തിന് ഈ പ്രഖ്യാപനം വലിയൊരു തിരിച്ചടിയാവുമെന്നാണ് ഉടമകളുടെ പക്ഷം.
കേരളത്തിലെ സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ദൈനംദിന യാത്രയ്ക്കായി ഇന്നും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണെന്ന യാഥാർത്ഥ്യം വിസ്മരിക്കരുതെന്ന് അസോസിയേഷൻ ഓർമ്മിപ്പിച്ചു. നിലവിലെ യാത്രാ സംവിധാനത്തിൽ കെഎസ്ആർടിസിയുടെ പങ്കാളിത്തം കേവലം 20 ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ പൊതുഗതാഗതം മൊത്തത്തിൽ ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്തിക്കൊണ്ട് പോകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനോ കെഎസ്ആർടിസിക്കോ സാധ്യമല്ല. അതുകൊണ്ട് തന്നെ വലിയൊരു വിഭാഗം ജനങ്ങൾക്ക് സേവനം നൽകുന്ന സ്വകാര്യ ബസുകളെ നിലനിർത്താനുള്ള ശ്രമംകൂടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ആവശ്യം.
ജനങ്ങൾക്ക് ഏറ്റവും ചെലവുകുറഞ്ഞ യാത്രാസംവിധാനം ഒരുക്കുന്ന സ്വകാര്യ ബസുകൾക്ക് ഈ തീരുമാനം സാമ്പത്തികമായി കനത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുക. സർക്കാർ സൗജന്യ യാത്ര അനുവദിച്ചാൽ പിറ്റേന്ന് മുതൽ സ്വകാര്യ ബസുകൾക്ക് ഡീസൽ അടിക്കാനോ ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുക്കാനോ കഴിയാത്ത സ്ഥിതി വരും. ഇതാണ് നിലവിലെ വാസ്തവമെങ്കിലും ഇതിന്റെ പേരിൽ ഉടനടി ഒരു പ്രത്യക്ഷ സമരത്തിന് ഇറങ്ങാൻ തങ്ങൾ ആലോചിച്ചിട്ടില്ലെന്ന് ബസുടമകൾ വ്യക്തമാക്കി. ചർച്ചകളിലൂടെയും നിവേദനങ്ങളിലൂടെയും തങ്ങളുടെ ജീവനമരണ പോരാട്ടമായ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്.